പരിയാരം: പൊലീസ് സ്റ്റേഷനിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേർ റിമാൻഡിൽ. പിലാത്തറ മണ്ടൂരിലെ മന്ദ്യത്ത് വീട്ടിൽ കെ.വി. ശരത്ത് (24), സി.എം നഗറിലെ കളത്തിൽ വളപ്പിൽ കെ.വി. വിന്ദേഷ് ( 24 ), പിലാത്തറയിലെ കളത്തിൽ വളപ്പിൽ വിനീത് ( 34 ) എന്നിവരെയാണ് പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തത്.

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി പ്രിൻസിപ്പൽ എസ്.ഐ എം.പി.ഷാജി ഇവരെ ചർച്ചയ്ക്ക് വിളിച്ച് വരുത്തിയിരുന്നു. ചർച്ചകൾക്കിടെ ഇവർ പരസ്പരം പോർവിളികളോടെ എറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാനെത്തിയ ജിഡി ചാർജിലുണ്ടായിരുന്ന പ്രമോദിന് മർദ്ദനമേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സ്റ്റേഷനകത്ത് എറ്റുമുട്ടൽ തുടർന്ന ഇവരെ കൂടുതൽ പൊലീസ് ഇടപെട്ടാണ് കീഴ്പ്പെടുത്തിയത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.