കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഓപ്പറേഷനായി വിവിധ വാർഡുകളിൽ കഴിയുന്നവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് പിന്നാലെ ആശുപത്രി ജീവനക്കാരൻ തന്നെ കൊവിഡ് ബാധിച്ചു മരിച്ചതിൽ അധികൃതരുടെ ഭാഗത്ത് ചില അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഓഫീസ് അറ്റൻഡർ തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശി രാജേഷ് (45) ആണ് ഞായറാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്.

നേരത്തെ ഒരു ജീവനക്കാരന് കൊവിഡ് പോസറ്റീവ് ആയ ഘട്ടത്തിൽ ഓഫീസ് ജീവനക്കാർക്ക് ക്വാറൻറൈൻ അനുവദിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് കർശന നിർദേശം നൽകിയതും യാതൊരു നിയന്ത്രണവുമില്ലാതെ പൊതുജനങ്ങൾ ഓഫീസിനകത്ത് കയറി വരുന്നതും കൂടുതൽ അപകടകരമായ സാഹചര്യമാണെന്ന് ജീവനക്കാർ പറയുന്നു.

ഓഫീസ് ജീവനക്കാർക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവ നൽകുന്നതിന് സ്റ്റോർ അധികൃതർ താൽപര്യം കാണിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ആരോഗ്യ വകുപ്പിന്റെ മുഖ്യധാരയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുള്ളവർ ഓഫീസ് ജീവനക്കാരായി വരുന്നില്ലെന്നാണ് അധികാരികൾ കരുതുന്നതെന്നും ആരോപണമുണ്ട്.