ankanvadi
ഉടുമ്പന്തല അങ്കണവാടി സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, അംഗം പി .പി. ശ്യാമളാ ദേവി എന്നിവർ സന്ദർശിക്കുന്നു.

കാസർകോട്: ചുമരിന് വിള്ളൽ വീണ് അപകടാവസ്ഥയിലായ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പന്തല അങ്കണവാടി, സംസ്ഥാന ബാലവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ, അംഗം പി.പി. ശ്യാമളാ ദേവി എന്നിവർ സന്ദർശിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ, അങ്കണവാടി അധ്യാപിക സുമതി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

രണ്ടുവർഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച അങ്കണവാടി കെട്ടിടമാണ് ഉടുമ്പന്തലയിലേത്. അങ്കണവാടിയുടെ ചുമരിൽ അപകടകരമാകും വിധം വിധം വിള്ളൽ വീണിട്ടുണ്ട്. അങ്കണവാടിയുടെ ദുരവസ്ഥ അറിഞ്ഞ ബാലവകാശ കമ്മിഷൻ നേരിട്ടാണ് പരിശോധനയ്ക്ക് എത്തിയത്.

15 ഓളം കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ശിശു പ്രിയ അങ്കണവാടികളിൽ ഒന്നാണിത്. ഉദ്ഘാടനത്തിനു മുമ്പേ കെട്ടിടത്തിന് തെക്കുവശത്ത് ചുവരുകളിൽ വിള്ളൽ വീണതിനെതുടർന്ന് പ്ലാസ്റ്റർ ഒട്ടിച്ചാണ് ഉദ്ഘാടനത്തിനായി കെട്ടിടം സജ്ജമാക്കിയത്. തുടർന്ന് വിള്ളലുകൾ കൂടിവരികയായിരുന്നു. തെക്കു വശത്ത് സ്ഥിതിചെയ്യുന്ന ടോയ്ലറ്റും വിണ്ടുകീറിയ നിലയിലാണ്. കുട്ടികളെ ഇരുത്തുന്ന മെയിൻ ഹാളിലെ ടൈലുകൾ ഇളകിയ അവസ്ഥയിലാണ് .

വളരെ അപകടാവസ്ഥയിലുള്ള ഇത്തരം അങ്കണവാടികളിൽ കുട്ടികളെ നിലനിർത്താനാവില്ല. വളരെ അശ്രദ്ധമായി കൈകാര്യം ചെയ്ത ഈ കെട്ടിടത്തിന്റെ നഷ്ടം ഈടാക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ ശിശുവികസന ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്

സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ