കണ്ണൂർ: സർവകലാശാലയ്ക്ക് കീഴിൽ പുതിയ കോളേജുകളും കോഴ്സുകളും ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഏഴ് സ്വാശ്രയ കോളേജുകൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ സർക്കാരിന് ശുപാർശ ചെയ്യും. നിലവിലെ അഫിലിയേറ്റഡ് കോളേജുകളിൽ 2020-21 വർഷത്തിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റിൽ സ്ഥിരം വർദ്ധനവ് അനുവദിക്കുന്നതിനും സിൻഡിക്കേറ്റ് ഉപസമിതികൾ സമർപ്പിച്ച പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചു. സർക്കാർ, എയ്ഡഡ് കോളേജുകളിൽ കേരള സർക്കാർ പ്രഖ്യാപിച്ച പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി.
സംസ്കൃതം ബിരുദാനന്തര ബിരുദ കോഴ്സ് സർവകലാശാലയിൽ ആരംഭിക്കണമെന്ന പഠനബോർഡിന്റെ നിർദേശം പഠിക്കാൻ ഉപസമിതി രൂപീകരിച്ചു. നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളിൽ അവശേഷിക്കുന്നവ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിനിധികളുടെ യോഗം 18ന് വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. ബി.ടെക് വിദ്യാർത്ഥികളുടെ ഇന്റേണൽ അസസ്‌മെന്റ്, ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടിയന്തരമായി നടത്തുന്നതിനും നിർദേശം നൽകി.
അഞ്ച് ഗവേഷകർക്ക് പിഎച്ച്.ഡി നൽകാനും തീരുമാനമായി. ഓൺലൈനായി നടത്തിയ യോഗത്തിൽ വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പിഴ ചുമത്തുന്നതിൽ ഇളവ്
കൊവിഡ് 19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷത്തെ അഫിലിയേഷൻ ഫീസ് കൃത്യ സമയത്ത് അടയ്ക്കാൻ സാധിക്കാതിരുന്ന കോളേജുകൾക്ക് 2020 ജൂൺ വരെ പിഴ ചുമത്തുന്നതിൽ ഇളവ് അനുവദിച്ചു. തിരുവനന്തപുരത്ത് ലെയ്സൺ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങൾ
സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുടെ വിരമിക്കൽ പ്രായം 65 ആയി നിജപ്പെടുത്തി.ജനനതീയതി ജൂലായ് 2ന് ശേഷമാണെങ്കിൽ അത്തരക്കാരെ ആ അദ്ധ്യയന വർഷം കഴിയുന്നതു വരെ ജോലിയിൽ തുടരാൻ അനുവദിക്കും
വൈസ് ചാൻസലർ ചെയർമാനും ഡോ. എ സാബു കൺവീനറുമായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റി പുനഃസംഘടിപ്പിക്കും.
ഫിസിക്കൽ എഡ്യുക്കേഷൻ, ബയോ ടെക്നോളജി, മൈക്രോ ബയോളജി പഠനവകുപ്പുകളിലെ അദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള സെലക്ഷൻ ലിസ്റ്റിന് അംഗീകാരം
വിവിധ കോളേജുകളിലെ അധ്യാപക നിയമനം, സ്ഥാനക്കയറ്റം എന്നിവ അംഗീകരിച്ചു
സർവകലാശാലയിലെ മൂന്നോളം അനധ്യാപക തസ്തികയിലേക്കുള്ള സെലക്ഷൻ ലിസ്റ്റിന് അംഗീകാരം.