തലശ്ശേരി: വിടരും മുമ്പ് കൊഴിഞ്ഞുപോയ സംഗീത പുഷ്പമായിരുന്നു ഇന്നലെ അകാലത്തിൽ പൊലിഞ്ഞു പോയ പൊന്ന്യം ചുണ്ടങ്ങാപൊയിലിലെ ഐശ്വര്യ മനോഹരൻ. ആദ്യ കേൾവിയിൽ തന്നെ, ആദ്യ വരിയിൽ തന്നെ ആരേയും ആകർഷിക്കുന്ന, അനുകരിക്കാനാവാത്ത സ്വര വിശുദ്ധി വരദാനമായി സിദ്ധിച്ച ഗായികയായിരുന്നു ഐശ്വര്യ. തലശ്ശേരിയിലെ കലാ സംഘടനയായ തിരുവങ്ങാട്ടെ 'ശ്യാമ'യിലെ സ്ഥിരം ഗായികയായിരുന്നു.
അർബുദ രോഗബാധിതയായി അസഹനീയമായ വേദന തിന്നുമ്പോഴും, ശ്രുതിസുഭഗ ഗാനങ്ങൾ കൊണ്ട് നൂറ് കണക്കിന് സംഗീത പ്രേമികളെ ആനന്ദത്തിലാറാടിച്ചു ഈ പതിനാറുകാരി. ചോതാവൂർ ഹൈസ്‌കൂൾ പത്താംതരം വിദ്യാർത്ഥിനിയായിരുന്ന ഐശ്വര്യ, സംസ്ഥാന- ജില്ലാ കലോത്സവങ്ങൾ ഉൾപ്പെടെ നിരവധി മേളകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.
ഫ്ളവേഴ്സ് ചാനലിൽ സംഗീതപരിപാടിയിലേക്ക് തിരഞ്ഞെടുത്തതിന്റെ അറിയിപ്പ് രണ്ട് ദിവസം മുൻപാണ് ലഭിച്ചത്. പൊന്ന്യം ജോളി ലൈബ്രറിയുടെ ഗാനമേള ഗ്രൂപ്പിലും സ്ഥിര സാന്നിദ്ധ്യമായിരുന്നു. കൂടാതെ നിരവധി കലാ ട്രൂപ്പുകൾക്കുവേണ്ടി ഗാനാലാപനം നടത്തിയിട്ടുണ്ട്.
ഒപ്പം, ചിത്രകലയിലും, നടനവേദികളിലും സർഗ്ഗ വൈഭവം തെളിയിച്ചിരുന്നു. ഒരു പ്രദേശത്തിന്റെയാകെ വലിയ പ്രതീക്ഷയായിരുന്നു ഈ പെൺകുട്ടി. നന്നെ ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഐശ്വര്യ, പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനോടൊപ്പം കച്ചേരിയിലും പങ്കെടുത്തിട്ടുണ്ട്. ചുണ്ടങ്ങാപ്പൊയിൽ രണതാരാ സാംസ്‌കാരിക കേന്ദ്രം, യംങ്സ്റ്റാർ സാംസ്‌കാരിക വേദി, പൊന്ന്യം ജോളി ലൈബ്രറി തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ഐശ്വര്യക്ക് ബന്ധമുണ്ടായിരുന്നു. ചുണ്ടങ്ങാപ്പൊയിലിലെ മാക്കുറ്റി മനോഹരന്റെയും, അർച്ചനയുടെയും ഇളയമകളാണ്. അശ്വിനി സഹോദരി.