ചക്കരക്കൽ: ആയുധങ്ങളുമായെത്തി വീട് കുത്തിത്തുറന്നു യുവതിയുടെ കഴുത്തിൽ നിന്നും സ്വർണാഭരണം കവർന്ന സഹോദരങ്ങൾ പിടിയിൽ. നാറാത്ത് വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രൻ (48), വലിയന്നൂർ വലിയകുണ്ട് കോളനിയിൽ താമസിക്കുന്ന സൂര്യൻ (36) എന്നിവരെയാണ് മയ്യിൽ എസ്.ഐ ടി.കെ സുരേഷ്ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ 3.15ന് നാറാത്ത് ആറാംപീടികയിലെ കളങ്ങോത്ത് ഹൗസിൽ ഉബൈദിന്റെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. മുൻവശത്തെ ഗേറ്റിന്റെ പൂട്ട് തകർത്തു കമ്പിപ്പാര കൊണ്ടു വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉബൈദിന്റെ സഹോദരിയുടെ കഴുത്തിൽ നിന്നാണ് മൂന്നര പവന്റെ സ്വർണാഭരണം കവർന്നത്. യുവതി നിലവിളിച്ചെങ്കിലും വീട്ടുകാർ ഉണരുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കനത്ത മഴയുള്ളപ്പോഴാണ് മുണ്ട് മാത്രം ധരിച്ചു ഇവർ കവർച്ചയ്ക്കിറങ്ങിയത്. സിസി ടിവിയിലെ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കൾ പൊലീസിന്റെ വലയിൽ കുടുങ്ങിയത്.
മോഷ്ടിച്ച ആഭരണം ചക്കരക്കല്ലിലെ ഒരു ജുവലറിയിലായിരുന്നു വില്പന നടത്തിയത്. പ്രതികളെ ഇവിടെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.