പഴയങ്ങാടി: കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച് 2005ൽ ഉദ്ഘാടനം നടത്തിയ മാടായി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുതിയങ്ങാടി ബസ് സ്റ്റാൻഡിന് ഇനിയും ശാപമോക്ഷമില്ല. ബസുകൾ കയറാതെ സ്റ്റാൻഡ് അനാഥമായി കിടക്കുന്നു. ബസ് സ്റ്റാൻഡിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീ-പുരുഷ ടോയ്‍ലെറ്റുകൾ,ക്ളോക്ക് റൂം എന്നിവ പൂർത്തീകരിക്കാതിരുന്നതിനാലാണ് ബസുകൾ പ്രവേശിക്കുന്നതിനുള്ള അനുമതി ആർ.ടി.ഒ നിഷേധിച്ചത് എന്നാണ് ആദ്യകാലത്ത് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് ടോയ്‍ലെറ്റുകളും, ക്ളോക്ക്റൂം എന്നിവ നിർമ്മിച്ചിട്ടും ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല.
എന്നാൽ യാത്രക്കാർക്ക് ഉപകാരമില്ലാത്ത ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ സജീവമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടത്തിയിട്ടുണ്ട്. അതൊന്നും ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാകുന്നതിന് ഉപകരിച്ചുമില്ല. ബസ് സ്റ്റാൻഡിൽ ഉദ്ഘാടന ഘട്ടത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ആസ്പെറ്റ്ഹൗസ് കൊണ്ടുള്ള വെയ്റ്റിംഗ് ഷെഡ്ഡ് പൊളിച്ച് മാറ്റി പകരം കോൺക്രീറ്റ് ഷെഡ്ഡ് നിർമ്മിച്ചു. ബസ് സ്റ്റാൻഡ് നിർമ്മാണവുമായും വർഷങ്ങളായുള്ള അറ്റകുറ്റ പ്രവൃത്തികളെ കുറിച്ചും പഞ്ചായത്തിൽ വ്യക്തമായ രേഖകൾ പോലും ഇല്ല എന്നതാണ് വിചിത്രം.
നിർമ്മാണ ചെലവായി ആകെ11,43,067 രൂപ എന്ന് പഞ്ചായത്ത് പറയുമ്പോഴും നിർമ്മാണവും ചെലവുമായി അവ്യക്തത ഏറെയാണ്. ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വർഷാവർഷം നടത്തുന്ന അറ്റകുറ്റ പണികളിൽ അഴിമതി നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്രവൃത്തികൾ നടത്തിയതാകട്ടെ ചില മുൻകാല പഞ്ചായത്തംഗങ്ങളുടെ ബിനാമികൾ ആണെന്നും ആരോപണമുണ്ട്. മൂന്ന് വർഷം മുമ്പ് സ്വകാര്യ വ്യക്തി വിജിലൻസിൽ പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് ഓഫിസിന് കൊടുത്തിരിക്കുകയാണ്.
ഫിഷറീസ് സ്ഥലം അനുവദിച്ചു, എന്തുകാര്യം?
ഇപ്പോഴത്തെ പഞ്ചായത്ത് ഭരണത്തിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് ആയ എസ്.കെ ആബിദ ടീച്ചർ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി പരിശ്രമിച്ചിരുന്നു. ബസ് ഇറങ്ങി പോകുന്നതിന് വഴിയുണ്ടാക്കണമെന്ന ആർ.ടി.ഒയുടെ നിർദേശ പ്രകാരം സ്ഥല ലഭ്യതയ്ക്കായി ഫിഷറീസിനെ സമീപിച്ചു. സ്ഥലം വിട്ട് നൽകിയെങ്കിലും അവർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.
തീരദേശ മേഖലയായ പുതിയങ്ങാടിയിലെ മത്സ്യവാഹനങ്ങൾ ഉൾപ്പടെ അന്യവാഹനങ്ങൾ നിർത്തിയിടാനുള്ള ഒരു ഇടം മാത്രമായി ബസ് സ്റ്റാൻഡ് മാറി
അന്യവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന പുതിയങ്ങാടി ബസ് സ്റ്റാൻഡ്
മാറിമാറി വരുന്ന പഞ്ചായത്ത് ഭരണക്കാർക്ക് പൊതുപണം ധൂർത്തടിക്കുവാനുള്ള ഒരു ഇടമായി മാറിയിരിക്കുകയാണ് പുതിയങ്ങാടി ബസ് സ്റ്റാൻഡ്. 15 വർഷമായി ജനത്തിന് ഒരു ഉപകാരവുമില്ലാത്ത ബസ് സ്റ്റാൻഡ് എന്ന് ഉപകരിക്കുമെന്ന് പറയാൻ പോലും ഇവർക്കാവില്ല.
ടി.കെ മുഹമ്മദ് കുഞ്ഞി, പൊതുപ്രവർത്തകൻ