bike-parking
ജില്ലാ ആശുപത്രിയുടെ വഴി മുടക്കി നിർത്തിയിട്ട ബൈക്കുകൾ

കാഞ്ഞങ്ങാട്: അത്യാഹിത നിലയിലുള്ള രോഗികളടക്കം എത്തുന്ന ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വഴിമുടക്കി ബൈക്ക് പാർക്കിംഗ്. കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ വാഹനങ്ങളെ അകത്തേക്ക് കടത്തി വിടാത്തതോടെയാണ് ദേശീയപാതയോരം താവളമാക്കിയത്. ഇതര വാഹനങ്ങളെല്ലാം മാന്യമായി അൽപം അകലെ പാർക്ക് ചെയ്യുമ്പോൾ ബൈക്ക് ഉടമകൾക്ക് ഇത്തരം രീതിയൊന്നുമില്ല. കൊവിഡ് രോഗികളെയും കൊണ്ട് പോകേണ്ട 108 ആംബുലൻസുകൾക്ക് പോലും ഇക്കൂട്ടരുടെ ദയാവായ്പ് ഉണ്ടായാലേ പടി കടക്കാനാകൂ. ആശുപത്രി വളപ്പിന് പുറത്തായതിനാൽ അധികൃതർക്കും നടപടിയെടുക്കാനാകുന്നില്ല.


ആശുപത്രികളെല്ലാം കൊവിഡിന്;

സാധാ രോഗികൾ എന്തു ചെയ്യും
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലാ ആശുപത്രിയും അടുത്തയാഴ്ചയോടെ കൊവിഡ് ആശുപത്രിയാകും

ഇവിടെയുള്ള രോഗികളെ നീലേശ്വരം, പെരിയ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനാണ് ധാരണ. പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റും. എന്നാൽ അസ്ഥിരോഗികളുടെ കാര്യം കഷ്ടമാകും. ഇവർ ചികിത്സയ്ക്ക് നീലേശ്വരത്തെയോ പെരിയയിലേയോ താലൂക്ക് ആശുപത്രികളെ സമീപിക്കേണ്ടി വരും. ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കൊവിഡ് ആശുപത്രിയാക്കുകയും ജില്ലാ ആശുപത്രി എല്ലാ രോഗികൾക്കും ചികിത്സയ്‌ക്കെത്താനുള്ള ആശുപത്രിയായും നില നിർത്തണമെന്നാണ് ആവശ്യം.