കാഞ്ഞങ്ങാട്: നൂറുകണക്കിന് രോഗികൾ നിത്യവും എത്തുന്ന ജില്ലാ ആശുപത്രിയുടെ വഴി മുടക്കി ബൈക്കുകൾ നിർത്തിയിടുന്നു. ഇതുമൂലം രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങൾ ആശുപത്രിക്കകത്ത് കടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. കൊവിഡ് ആയതിനാൽ സ്വകാര്യ വാഹനങ്ങളൊന്നും ആശുപത്രി വളപ്പിൽ പ്രവേശിപ്പിക്കുന്നില്ല. ദേശീയപാതയോരത്താണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുമ്പോൾ ബൈക്കുകളിലെത്തുന്നവർ പ്രധാനകവാടത്തിന് മുമ്പിൽ തന്നെയാണ് നിർത്തിയിടുന്നത്. കൊവിഡ് രോഗികളെയും കൊണ്ട് പോകേണ്ട 108 ആംബുലൻസുകൾക്ക് പോലും യഥാസമയം ആശുപത്രിക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല. ആശുപത്രി കോമ്പൗണ്ടിന് പുറത്തായതിനാൽ അധികൃതർക്കും ഇതേകുറിച്ച് ആശങ്കയില്ല. എന്നാൽ പൊതുജനങ്ങൾ ആശുപത്രിയിലേക്ക് കടക്കാൻ ഏറെ പ്രയാസപ്പെടുകയുമാണ്.
ആശുപത്രികളെല്ലാം കൊവിഡിന്
കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കാനുള്ള അധികൃതരുടെ ആലോചന സാധാരണക്കാരായ രോഗികളെ ആശങ്കയിലാക്കുന്നു. അടുത്തയാഴ്ചയോടെ ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറും. നിലവിലുള്ള രോഗികളെ നീലേശ്വരം, പെരിയ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനാണ് ധാരണ. പ്രസവസംബന്ധമായ കേസുകൾ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ അസ്ഥിരോഗ സംബന്ധമായ രോഗങ്ങൾ ഉള്ളവരുൾപ്പെടെയുള്ളവരുടെ കാര്യമാണ് കഷ്ടത്തിലാവുക. സാധാരണക്കാരായ രോഗികൾ ചികിത്സയ്ക്ക് നീലേശ്വരത്തെയോ പെരിയയിലേയോ താലൂക്ക് ആശുപത്രികളെ സമീപിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതാകട്ടെ ഏറെ ദുഷ്‌കരവുമാണ്. സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കൊവിഡ് ആശുപത്രിയാക്കുകയും ജില്ലാ ആശുപത്രി എല്ലാ രോഗികൾക്കും ചികിത്സയ്‌ക്കെത്താനുള്ള ആശുപത്രിയായും നിലനിർത്തുകയും വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.