കണ്ണൂർ: കൊവിഡ് കാലത്ത് ബാർബർ ഷോപ്പിൽ കയറാൻ പലരും മടിക്കുകയായിരുന്നു. മുടി മുറിക്കാൻ വേണ്ടിപോയാൽ കൊവിഡ് വൈറസ് കൂടെ കൊണ്ടുവരേണ്ടിവരുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാൽ ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തനം നടത്തിവരുന്നുണ്ട്. ഇതോടെ മുടിമുറിക്കാൻ ചില സ്ഥാപനങ്ങളിലെത്തിയവർക്ക് കൊവിഡ് വൈറസിനെയല്ല, സ്വന്തം മുടി മാലിന്യമാണ് കൂടെ കിട്ടിയത്.
നഗരത്തിൽ മുടിവെട്ടാനെത്തിയ ഒരാൾ പരാതി അറിയിച്ചതിക്കാര്യമാണ്. മുടിവെട്ടിക്കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ മുടിഭാഗങ്ങൾ കടലാസിൽ പൊതിഞ്ഞ് 'ഇതെവിടെയെങ്കിലും കളഞ്ഞേക്കൂ"വെന്ന് പറഞ്ഞ് ഏല്പിക്കുകയായിരുന്നുവത്രെ. സാധാരണ മുടി വെട്ടിയാൽ ഈടാക്കാറുള്ള 80 രൂപയ്ക്ക് പകരം 120 രൂപ ഈടാക്കിയെന്നും പറയുന്നു. അമിത ചാർജും നൽകി പിന്നെ മുടി മാലിന്യവും തിരിച്ചുകൊണ്ടുപോകേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം. പലരും ഇക്കാര്യത്തിൽ സ്ഥാപനത്തിലുള്ളവരുമായി തർക്കിക്കുന്നുമുണ്ട്. ദീർഘകാലം ലോക്ക് ഡൗണിൽ അടഞ്ഞുകിടന്നതിനാൽ പൊതുവെ പ്രതിസന്ധിയിലാണ് ബാർബർ ഷോപ്പ് ഉടമകളും തൊഴിലാളികളും. ഇതിന്റെ മറവിൽ ചിലർ അമിതചാർജ്ജ് ഈടാക്കുകയാണെന്നാണ് പരാതി ഉയരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ പോയി മുടി മുറിക്കുന്ന ബാർബർമാരുമുണ്ട്.