പള്ളിക്കര: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് പള്ളിക്കരയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് സംഘർഷം. സി.പി.എം പള്ളിക്കര ലോക്കൽ സെക്രട്ടറിയും പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കെ അബ്ദുള്ള, ഐ.എൻ.എൽ നേതാവും പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.എം ലത്തീഫ് എന്നിവർക്കും യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് കൺവീനറും ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജോ. സെക്രട്ടറി ആഷിക്ക് റഹ്മാൻ, പൂച്ചക്കാട്ടെ പി.എസ്. മുഹമ്മദ് കുഞ്ഞി എന്നിവർക്കും പരിക്കേറ്റു.
ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ആഗസ്ത് 17 ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഫോറം 5 ൽ വോട്ടർമാരെ തള്ളുവാൻ അപേക്ഷ നൽകേണ്ടതില്ലെന്ന് ധാരണയായിരുന്നു. ഈ ധാരണ സി.പി.എം ലംഘിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു. പള്ളിക്കര പഞ്ചായത്ത് ഓഫീസിൽ നടന്ന വോട്ടർ പട്ടികയിലെ ഹിയറിംഗിനിടയിലാണ് അക്രമം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പി.കെ. അബ്ദുള്ളയെ ആക്രമിച്ചതെന്ന് സി.പി.എം കേന്ദ്രങ്ങൾ ആരോപിച്ചു.