chithrangal-
ചിത്രങ്ങൾ സ്കൂൾ വികസന നിധിയിലേക്ക് കൈമാറുന്നു

കാസർകോട്: വികസന നിധിയിലേക്ക് പണം കണ്ടെത്താൻ വേറിട്ട പ്രവർത്തനങ്ങളുമായി രാവണേശ്വരം സ്കൂൾ. ജില്ലയിലെ ചിത്രകലാകാരന്മാർ സംഭാവന നൽകിയ വർണ്ണ ചിത്രങ്ങൾ വിൽപ്പന നടത്തിയാണ് പണം സ്വരൂപിക്കുന്നത്. ചിത്രകലാകാരന്മാരായ ബാലൻ കാഞ്ഞങ്ങാട് സൗത്ത്, അജിത സന്തോഷ് കാഞ്ഞിരപ്പൊയിൽ, എ.കെ സുചിത്ര ചെറുതാഴം, എൻ.വി. കൃഷ്ണരാജ്, ദിലീപ് തണ്ണോട്ട്, സി.കെ ആകാശ് ബല്ല, ശ്രീജു മാവുങ്കാൽ, വിനോദ് അമ്പലത്തറ എന്നിവരാണ് സൃഷ്ടികൾ സ്കൂളിന് നൽകിയത്.

കഴിഞ്ഞ വർഷത്തെ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് ഇവർ വാഗ്ദാനം നൽകിയിരുന്നത്. ഈ കൊവിഡ് കാലത്തും സ്കൂളിന്റെ വികസന കാഴ്ചപ്പാട് മുൻ നിർത്തി പി.ടി.എ മുന്നോട്ട് വെച്ച ചിത്രവിൽപ്പന എന്ന ആശയത്തിന് ആവേശകരമായ പ്രതികരണമാണ് നാട്ടുകാരിൽ നിന്നും പ്രവാസി മലയാളികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. മോഹനൻ, പ്രിൻസിപ്പാൾ കെ.വി. വിശ്വംഭരൻ, പി.ടി.എ പ്രസിഡന്റ് കെ. ശശി എന്നിവർ ചിത്രങ്ങൾ ഏറ്റുവാങ്ങി. മദർ പി.ടി.എ പ്രസിഡന്റ് പത്മ പവിത്രൻ, സീനിയർ അസിസ്റ്റന്റ് കെ. ഷൈലജ, സ്റ്റാഫ് സെക്രട്ടറി പി. സുഹാസിനി എന്നിവരും സംബന്ധിച്ചു.