കണ്ണൂർ: തലാസീമിയ, ഹീമോഫീലിയ സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തജന്യ രോഗികളുടെ വിദഗ്ദ ചികിത്സയ്ക്കുള്ള ബൃഹത്തായ പ്രൊജക്ട് സംസ്ഥാനത്തൊട്ടാകെ വിജയകരമായി നടത്തുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ജൂണിയർ കൺസൾട്ടന്റ് ഡോ. ലതയാണ് ജില്ലയിലെ നോഡൽ ഓഫീസർ. പദ്ധതി വരുമ്പോൾ ജില്ലയിലെ എല്ലാവിധ രക്തജന്യ രോഗികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ജില്ലകളിലും ഡയഗ്നോസിസ് സൗകര്യവും ഉണ്ടായിരിക്കും. ജനിതക രക്തരോഗങ്ങളെ കുറിച്ചുള്ള ഗവേഷണവും നടക്കും. രോഗികൾക്കാവശ്യമായ എല്ലാ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഗുണനിലവാരം നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടർ നടത്തും. ആരോഗ്യമന്ത്രി ചെയർമാനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടേഴ്സും സാമൂഹ്യ സംഘടനാ പ്രതിനിധികളുമടക്കം 13 അംഗങ്ങളായിരിക്കും കമ്മിറ്റിയിലുണ്ടാവുക
കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നതിന് പിന്നാലെയാണ് നോഡൽ ഓഫീസറെ നിയമിക്കാനുള്ള തീരുമാനം. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ രോഗികൾക്ക് ചികിത്സ സൗജന്യമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കുന്നുണ്ട്.
തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗങ്ങളോടെയുള്ള ശിശുജനനങ്ങൾ സമ്പൂർണ്ണമായി തടയാനും ഹീമോഫീലിയ രോഗം നിയന്ത്രണ വിധേയമാക്കാനും ഊർജ്ജിത നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.