fish
കരിങ്കൽ ക്വാറിയിലെ മത്സ്യകൃഷി

കൂത്തുപറമ്പ്: ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വേങ്ങാട്,വട്ടിപ്രം മേഖലയിൽ നടപ്പിലാക്കുന്ന കൂട് മത്സ്യകൃഷി വ്യാപകമാകുന്നു. വട്ടിപ്രം മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികളാണ് മത്സ്യ വളർത്തു കേന്ദ്രങ്ങളായി രൂപാന്തരപ്പെടുന്നത്.

നാൽപ്പതോളം കരിങ്കൽ ക്വാറികൾ വട്ടിപ്രം മേഖലയിൽ ഒഴിവാക്കപ്പെട്ട നിലയിൽ ഉണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിൽ പലതും രണ്ടേക്കർ വരെ വിസ്താരമുള്ളതും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽപ്പോലും നിറയെ ജലസമൃദ്ധിയുള്ളവയുമാണ് ഇത്ലേലേറെയും. ഇതാണ് മത്സ്യകൃഷി ആരംഭിക്കാൻ കർഷകർക്ക് പ്രേരണയായിട്ടുള്ളത്.

വട്ടിപ്രം മേഖലയിലെ പത്ത് കരിങ്കൽ ക്വാറികളിലാണ് ഇതിനകം മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്. കരിമീൻ, തിലോപ്പി തുടങ്ങിയ മികച്ച ഇനങ്ങളാണ് കൃഷി ഇറക്കുന്നത്. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് ലഭിക്കുന്നതെന്ന് കരിങ്കൽ ക്വാറിയിൽ മത്സ്യകൃഷി ഇറക്കി വിജയിച്ച വേങ്ങാട്ടെ കൂർമ്മ ജയരാജൻ പറഞ്ഞു. മായം കലർന്ന മത്സ്യശേഖരം വിപണി കീഴടക്കുമ്പോൾ അവയ്ക്കെതിരെ ബദൽ മാർഗ്ഗമൊരുക്കുകയാണ് വേങ്ങാട്, വട്ടിപ്രം മേഖലയിലെ കരിങ്കൽ ക്വാറികൾ.

മത്സ്യകൃഷി ഇങ്ങനെ

പ്രത്യേക കൂടുകൾ തയ്യാറാക്കിയാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒരു കൂട്ടിൽ 2000 മത്സ്യങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. വെള്ളത്തിലെ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനുവേണ്ടി എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.