കണ്ണൂർ: പൊലീസുകാർക്കെന്താ കഥയിൽ കാര്യം? 24 മണിക്കൂറും കൃത്യനിർവഹണം നടത്തുക മാത്രമല്ലേ അവരുടെ ജോലി. നിയമപാലകർ ആ ജോലി മാത്രം ചെയ്താൽ മതി എന്നാണ് നാട്ടുനടപ്പ്. എന്നാൽ മാനസിക സംഘർഷം നിറഞ്ഞ ചില വേളകളിൽ അവരുടെ ഉള്ളിലെവിടെയോ ഉളിഞ്ഞിരിക്കുന്ന സർഗാത്മകത പുറത്തേക്ക് പ്രതിഫലിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലല്ലോ.
അതെ, എ.ഡി.ജി.പി മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ള പൊലീസ് സേനാംഗങ്ങളുടെ കഥകൾ കോർത്തിണക്കി ഒരു സമാഹാരം പുറത്തിറങ്ങുകയാണ്. സംസ്ഥാനത്ത് ആദ്യത്തെ പൊലീസുകാരുടെ കഥാസമാഹാരം പ്രസാധനം ചെയ്യുന്നത് കണ്ണൂർ കതിരൂരിലെ ജി.വി ബുക്സാണ്. 'സല്യൂട്ട്' എന്ന ശീർഷകത്തിലുള്ള കഥാസമാഹാരം അടുത്ത മാസം പുറത്തിറങ്ങും.
എ.ഡി.ജി.പി ബി.സന്ധ്യയുടേതാണ് ആദ്യത്തെ കഥ. സന്ധ്യ തന്നെയാണ് സംസ്ഥാനത്തെ അമ്പതോളം പൊലീസുകാരുടെ രചനകളിൽ നിന്ന് ഇരുപതെണ്ണം തിരഞ്ഞെടുത്തത്. അവതാരികയും ഇവരുടേത് തന്നെ.
തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ കണ്ടെത്തുന്ന മുഖങ്ങൾ, അനുഭവങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വെല്ലുവിളികൾ നേരിട്ട കുറ്റാന്വേഷണ സംഭവങ്ങൾ എന്നിവയൊക്കെ കഥയിൽ വിഷയങ്ങളാണ്.
എഴുത്തുകാർ ഇവർ
മലപ്പുറം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കെ.ആർ.രജീഷ്, തൃശ്ശൂർ പൊലീസ് അക്കാഡമിയിലെ എ.എസ്.ഐ വിനയൻ അമ്പാടി, ആലപ്പുഴ കുത്തിയതോട് സ്റ്റേഷനിലെ സി.പി.ഒ കെ.പി. സതീഷ്, കുറ്റാന്വേഷണ മികവിനുള്ള നിരവധി അവാർഡുകൾ നേടിയ മലപ്പുറം എടക്കര സ്റ്റേഷനിലെ സി.ഐ മനോജ് പറയറ്റ, രചനാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ ആലപ്പുഴയിലെ സാജു സാമുവൽ, ഇടുക്കി നെടുങ്കണ്ടത്തെ എസ്.ഐ ടി. വിനോദ് കുമാർ, പെരിന്തൽമണ്ണയിലെ എസ്.ഐ സുകുമാരൻ കാരാട്ടിൽ, നാദാപുരം കൺട്രോൾ റൂമിലെ എ. എസ്.ഐ രാധാകൃഷ്ണൻ ആയഞ്ചേരി, തൃശ്ശൂർ റൂറലിലെ ഡി.എച്ച്.ക്യൂ സേനാംഗം പി.ആർ.അനീഷ്, തൃശ്ശൂർ ജില്ലാ പൊലീസിലെ എ.എസ്.ഐ പി.ബി. ദിനേഷ്, തൃശ്ശൂർ മെഡിക്കൽ കോളേജിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എം. അനിൽകുമാർ, ഹവിൽദാർ മിഥുൻ എസ്. ശശി, കാസർകോട് ചന്തേരയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേന്ദ്രൻ കാനം, കാഞ്ഞിരപ്പള്ളിയിലെ സി.പി.ഒ ജോഷി എം.. തോമസ്, കോഴിക്കോട്ടെ പ്രേമൻ മുചുകുന്ന്, കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയനിലെ ഹവിൽദാർ അനൂപ് ഇടവലത്ത്, കണ്ണൂർ ജില്ലാ പൊലീസിലെ സി.കെ.സുജിത്ത്, മട്ടന്നൂർ സ്റ്റേഷനിലെ കെ.കെ.പ്രേമലത.
പൊലീസുകാരിൽ നിരീക്ഷണ പാടവം വളരെ കൂടുതലായിരിക്കും. അവരുടെ ദൈനംദിന ജീവിതത്തിൽ അത് അവർക്ക് ഏറ്റവും ആവശ്യമുള്ള സംഗതി കൂടിയാണ്.. പൊലീസുകാർ സർഗ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ അത് ഏറെ ശ്രദ്ധിക്കപ്പെടും.
ബി.സന്ധ്യ, എ.ഡി.ജി.പി