കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ഇത്തരം മേഖലകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഡീപ്പ് ക്ലീനിംഗ് സർവീസ് ടീം പ്രവർത്തനമാരംഭിച്ചു.
നഗരസഭ സി.ഡി.എസിന്റെ കീഴിൽ പരിശീലനം പൂർത്തീകരിച്ച വനിതകൾക്ക് നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പുറത്തിറങ്ങിയ ഉടൻ തന്നെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ഇവർ ശുചീകരിച്ചു. കെ പ്രവീണ, ഷക്കീന, കെ. വി. സത്യചിത്ര, വി.വി. ഷീല, വിജയശ്രീ, സൗമ്യ രതീഷ്, സുമിത് കുമാരി എന്നിവരാണ് പരിശീലനം പൂർത്തീകരിച്ച ഉടൻതന്നെ ശുചീകരണത്തിന് ആദ്യ ദൗത്യത്തിൽ ഏർപ്പെട്ടത്.
ടി.വി. പ്രകാശൻ, വരുൺ ഗോപി, എ.വി. രാജേഷ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സമൂഹ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വീടുകൾ ഓഫീസുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങൾ കൃത്യമായി ഗവ. അംഗീകാരത്തോടെ ശുചീകരിക്കുന്നതിനാണ് ഇവർ പരിശീലനം നേടിയത്. സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ടി.വി പ്രേമ, കെ.സുജിനി, വാർഡ് കൗൺസിലർ കെ. ലത ,അക്കൗണ്ടന്റുമാരായ പി. രതിക, പി. സുധ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.