കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രിയിലെ കാത്ത്‌ലാബും ഉടൻ പ്രവർത്തനസജ്ജമാകും. ആവശ്യമായ സിവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായി. ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി. നേരത്തെ ഉണ്ടായിരുന്ന ഫാർമസി,ഒപി സംവിധാനങ്ങൾ മാറ്റിയാണ് കാത്ത് ലാബിനുള്ള സൗകര്യങ്ങൾ ദ്രുതഗതിയിൽ ഒരുക്കിയത്. വളരെ ദൂരം യാത്ര ചെയ്യാതെ തൊട്ടടുത്ത് ഹൃദ്രോഗ ചികിത്സ സാദ്ധ്യമാകുന്നതോടൊപ്പം അനേകം ആളുകളെ രക്ഷിക്കാനും സാധിക്കും.

ആർദ്രം പദ്ധതിയുടെ ഭാഗമായി 100 കോടിരൂപയിലധികം ചെലവഴിച്ചാണ് സംസ്ഥാനത്ത് കാത്ത്‌ലാബുകൾ സജ്ജമാക്കുന്നത്. ഹൃദ്രോഗ ചികിത്സക്കാവശ്യമായ മരുന്നുകളും ഇനി ജില്ലാ ആശുപത്രികളിൽ ലഭ്യമാകും. വലിയ വില കൊടുത്താണ് രോഗികൾ ഇവ വാങ്ങുന്നത്. മെഡിക്കൽ കോളേജുകളിൽമാത്രമായിരുന്നു കാത്ത് ലാബ് സൗകര്യം നേരത്തേ ഉണ്ടായിരുന്നത്.