കാഞ്ഞങ്ങാട്: സമ്പത്തിന്റെ പങ്കുവെക്കലാണ് സോഷ്യലിസമെങ്കിൽ കാഞ്ഞങ്ങാട്ടെ ബസ് സ്റ്റാൻഡിലും ഒരുകൂട്ടം സോഷ്യലിസ്റ്റുകളുണ്ട്. ചെരുപ്പ് തുന്നൽപ്പണിക്കാർ എന്നൊക്കെയാണ് വിശേഷണമെങ്കിലും ഈ സംഘത്തിന്റെ ജീവിതം അൽപ്പം വ്യത്യസ്ഥമാണ്. നേരം ഇരുട്ടും വരെ പണി ചെയ്ത കാശ് ഇവരൊന്ന് കൂട്ടിനോക്കും. പിന്നെ തുല്യമായി ഭാഗിക്കും. എല്ലാവർക്കും ഒരേ വിഹിതം. പരിഭവവുമില്ല, പരാതിയുമില്ല.
കല്യാൺ റോഡ് സ്വദേശി നാരായണൻ, കാരക്കുഴിയിലെ ഭാസ്‌കരൻ, പുതിയകണ്ടത്തെ ഹരിദാസ്, കാസർകോട്ടെ കൃഷ്ണൻ, മൂലക്കണ്ടത്തെ രാഘവൻ എന്നിവരാണ് കുടുംബ പ്രാരബ്ധങ്ങൾ അറിഞ്ഞ് പരസ്പരം കൂലി വീതിച്ചെടുത്ത് കഴിയുന്നത്. വർഷങ്ങളായി ഈ തൊഴിലിൽ ഉണ്ടെങ്കിലും നഗരം വികസിച്ചതോടെ ഇവരുടെ ഇരിപ്പിടം നഷ്ടമായി. പിന്നാലെ പണിയും കുറഞ്ഞു. ഇതോടെയാണ് മൂന്ന് വർഷം മുൻപ് ഇത്തരം രീതി തുടങ്ങിയത്. ഒരാൾക്ക് മുന്നിൽ കൂടുതൽ ഉപഭോക്താക്കൾ കാത്ത് നിന്നാൽ തൊട്ടടുത്തയാളിലേക്ക് കൈമാറും. കലഹങ്ങളോ പരാതിയോ പറയാതെ ഇവർ ജോലിയിലേർപ്പെടും. അതേസമയം വികസനത്തിന്റെ കാലത്ത് തങ്ങളെ അധികൃതർ അവഗണിക്കുന്നെന്ന പരാതിയും ഇവർക്ക് ആവോളമുണ്ട്. മണിക്കൂറോളം മഴയത്തും വെയിലത്തും ഇരുന്ന് ജോലി ചെയ്ത് തളരുമ്പോൾ ഒരു കൂടാരം അധികൃതർ തരണമെന്നാണ് ഇവരുടെ അപേക്ഷ. നിവേദനങ്ങൾ പലകുറി നൽകിയിട്ടും പരിഹാരം മാത്രം ഉണ്ടായിട്ടില്ല.