daily
അനജ് മരപ്പൊടിയിൽ വരച്ച ബാസ്റ്റിന്റെ ചിത്രം

കണ്ണാടിപറമ്പ :മരപ്പൊടിയിൽ കാലു കൊണ്ട് വരച്ച മനോഹര ചിത്രത്തിലൂടെ സിനിമാ താരം ബിനീഷ് ബാസ്റ്റിന്റെയും മനം കവർന്നിരിക്കുകയാണ് അനജ് . കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശിയായ ഈ പ്ളസ് ടു വിദ്യാർത്ഥി മരപ്പൊടി കാൻവാസാക്കി കാലുകൊണ്ട് വരച്ച് അത്ഭുതപ്പെടുത്തിയവരിൽ ഒരാൾ മാത്രമാണ് ബാസ്റ്റിൻ.

ബിനീഷ്ബാസ്റ്റിൻ തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. “ടീമേ.. കണ്ണൂർ ജില്ലയിൽതാമസിക്കുന്ന അനജ് മരപ്പൊടി ഉപയോഗിച്ച് ചെയ്ത ആർട്ട് ആണ്.. അഭിനന്ദനങ്ങൾ മച്ചാനെ.. നമുക്ക് നേരിട്ടു കാണാം.. എല്ലാവരും അദ്ദേഹത്തെ ഒന്ന് സപ്പോർട്ട് ചെയ്യണേ..” എന്നകുറിപ്പോടെയായിരുന്നു താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്. തുടർന്ന് അദ്ദേഹം നേരിട്ടു തന്നെ അനജിനെഫോണിൽക്കൂടി ബന്ധപ്പെടുകയും ചെയ്തു. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും കൊവിഡ‌ൊക്കെകഴിഞ്ഞ് നേരിട്ടു കാണാമെന്നും അദ്ദേഹം അനജിന് ഉറപ്പു നൽകി. ഇതിനു മുൻപും പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവയിലും അനജ് തീർക്കുന്ന വിസ്മയ കാഴ്ചകൾ മറ്റുള്ളവർക്ക്കൗതുകമുണർത്തുന്നതു തന്നെയാണ്.

കണ്ണാടിപ്പറമ്പ് ഗ്രാമ കേളി‘യിൽ നിന്നും അഞ്ചാം ക്ലാസ് മുതൽ പെൻസിൽ ഡ്രോയിംഗ് പഠിച്ചിട്ടുണ്ട് അനജ്. ദേശീയ സരസ് മേളയിൽ ചിത്രരചനയിൽ ഫസ്റ്റും ജിലാതലകേരളോത്സവത്തിൽ സെക്കൻഡും നേടിയിട്ടുണ്ട് ഈ മിടുക്കൻ.

മരപ്പൊടിയിൽ തന്നെ കൈ കൊണ്ട് നടന്മാരായ ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ നടന്മാരുടെ പടങ്ങളും വരച്ചിട്ടുണ്ട്. പിന്നീടാണ് കൈ മാറ്റി കാലുകൊണ്ട് ആയാലോ എന്നൊരു ചിന്ത ഉടലെടുത്തത്. ശേഷം വീടിനുള്ളിൽ വച്ച് ബിനീഷ് ബാസ്റ്റിന്റെ പടം കാലു കൊണ്ട് വരയ്ക്കുന്നത്. നിലവിൽ കണ്ണാടിപ്പറമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അനജ് സഹകരണബാങ്ക് ജീവനക്കാരനായ ബിജു ജോണിന്റെ മരുമകനും ആശാ വർക്കർ വിദ്യയുടെയും മകനാണ്.