building
തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനു വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടം

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനു വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടം 22 ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 1.20 കോടി രൂപ ചെലവിൽ ഇരുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴെനിലയിൽ ഓഫീസും മുകൾനില പൂർണമായും റെക്കാർഡ് റൂമുമാണ്. താഴെ 25 സന്ദർശകർക്ക് ഇരിപ്പിട സൗകര്യവും ഉദ്യോഗസ്ഥർക്ക് പ്രത്യേക കാബിനുകളും ഉണ്ട്.

പൊതു ടോയ്ലറ്റിന് പുറമെ വികലാംഗ സൗഹൃദ ടോയ്ലറ്റും രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്ക് വരുന്നവർക്ക് വേണ്ടി വിശാലമായ പാർക്കിംഗ് സൗകര്യവും വലിയ വാള്യങ്ങൾ ഉൾപ്പെടുന്ന ആധാരങ്ങളും മറ്റ് രേഖകളും റെക്കാർഡ് റൂമിലെത്തിക്കാൻ താഴെ നിലയിൽ യന്ത്രസഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസ് 2018 ആഗസ്റ്റ് 29 മുതൽ തൃച്ചംബരം ഡ്രീംപാലസ് ഓഫീസിന് സമീപത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ ജയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ.വി നാരായണൻ, എ. രാജേഷ്, ആനക്കീൽ ചന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജയിംസ് മാത്യു എം.എൽ.എ നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ്, തളിപ്പറമ്പ് സബ് രജിസ്ട്രാർ എം. മോഹനൻ പങ്കെടുത്തു.