തൃക്കരിപ്പൂർ: ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റിയ ജലഗതാഗത വകുപ്പിന്റെ സ്റ്റീൽ ബോട്ട് തുരുമ്പെടുത്തു നശിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ആയിറ്റി മേഖലാ ഓഫീസിന്റെ പരിധിയിൽപ്പെടുന്ന എസ് 48 നമ്പർ ബോട്ടാണ് മടക്കര മത്സ്യ ബന്ധന തുറമുഖത്തിന് സമീപത്തായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ യാർഡിൽ നശിക്കുന്നത്.
തീരദേശ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ആയിറ്റി കേന്ദ്രീകരിച്ച് 4 ബോട്ടുകളാണ് മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളാൽ ബോട്ടുകളുടെ എണ്ണം ഒന്നായി ചുരുങ്ങി. നിലവിൽ എ 61 നമ്പർ ബോട്ടു മാത്രമാണ് സർവ്വീസ് നടത്തുന്നത്. ആയിറ്റിയിൽ നിന്നാരംഭിച്ച് പടന്നയിലേക്കും വലിയപറമ്പയിലെ വിവിധ കേന്ദ്രങ്ങളും ചുറ്റി കൊറ്റിയിലേക്കും തുടർന്ന് രാമന്തളി വരെയുമാണ് സർവ്വീസ് നടത്തുന്നത്.
ഈ കൂട്ടത്തിൽപ്പെട്ട സ്റ്റീൽ ബോട്ടാണ് അറ്റകുറ്റപ്പണിക്കായി മടക്കര മത്സ്യ ബന്ധന തുറമുഖത്ത് ഒരു വർഷം മുമ്പായി കയറ്റിയിട്ടത്. കേടായ ബോട്ടുകൾ കരയിലേക്ക് കയറ്റിയിടാനുള്ള സംവിധാനം പ്രദേശത്ത് ഇല്ലാത്തതുകൊണ്ടാണ് സ്വകാര്യ വ്യക്തിയുടെ വർക് ഷോപ്പിലേക്ക് മാറ്റിയത്. ആയിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന ബോട്ടുകൾ കരയിലേക്ക് കയറ്റാനുള്ള സ്ലിപ് വേ നിർമ്മാണം പാതിവഴിയിൽ നിലച്ചതാണ് സ്വകാര്യ വ്യക്തിയെ ആശ്രയിക്കാൻ ഇടയാക്കിയത്.
ചെറുവത്തൂരിൽ സ്വകാര്യ വ്യക്തിയുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി നടത്താൻ കരയിൽ കയറ്റിയിട്ട എസ് 48 സ്റ്റീൽ ബോട്ടിന്റെ പ്രവർത്തി ലോക്ക്ഡൗൺ കാരണം മുടങ്ങിയതാണ്. ഈ പ്രവർത്തി നടത്തേണ്ടത് എറണാകുളത്തെ തൊഴിലാളികളാണ്. അവർ അടുത്തുതന്നെ സ്ഥലത്തെത്തി നിർമ്മാണം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
.എം. സുജിത്, ട്രാഫിക് സൂപ്രണ്ട്,
എറണാകുളം ജലഗതാഗത വകുപ്പ് കാര്യാലയം