പയ്യന്നൂർ: കുഞ്ഞിമംഗലത്ത് സി.പി.എം ഓഫീസിനു നേരെ ബോംബേറ്. കണ്ടംകുളങ്ങരയിൽ സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന പി. ഭരതൻ സ്മാരക മന്ദിരത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെയാണ് ബോംബെറുണ്ടായത്. രണ്ടു തവണ ബോംബെറിഞ്ഞതായാണ് പരാതി.

ബോംബേറിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമരുകൾക്കും തറയ്ക്കും കേടുപാട് പറ്റുകയും ജനൽ ഗ്ലാസുകളും വാതിലുകളും തകരുകയും ചെയ്തു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ അടുക്കാടന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ നിരീക്ഷണ കാമറകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സി പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ, ടി.ഐ. മധുസൂദനൻ, ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, എം. വിജിൻ, സി.എം. വേണുഗോപാലൻ, സി.കെ.പി പത്മനാഭൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.