മാഹി: അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീക്ഷകളാകെ അസ്തമിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലായ് 31 വരെയുള്ള ഒഴിവുകളുടെ പട്ടിക പരിശോധിച്ചാൽ, മാഹി മേഖലയിൽ മാത്രം ഗ്രൂപ്പ് എ വിഭാഗത്തിൽ 59 ഉം, ഗ്രൂപ്പ് ബി യിൽ 47 ഉം ഗ്രൂപ്പ് സി യിൽ 566 ഉം ഒഴിവുകളുണ്ട്. പുതിയ തസ്തികകൾ ഉണ്ടാക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, സർവീസിൽ നിന്ന് ജീവനക്കാർ വിരമിക്കുമ്പോൾ പകരം നിയമനങ്ങൾ ഉണ്ടാകുന്നുമില്ല. വല്ലപ്പോഴും ആളറിയാതെ പുതുച്ചേരിയിൽ നടക്കുന്ന നിയമനങ്ങളിലാവട്ടെ മയ്യഴിക്കാർ തഴയപ്പെടുകയുമാണ്.
അവിടെ നിയമനം നടത്തി, ആളുകളെ മയ്യഴിയിലേക്ക് നിയമിക്കുമ്പോഴാണ് നിയമനം നടന്ന കാര്യം പോലും മയ്യഴിക്കാർ അറിയുക. ഏറ്റവുമൊടുവിൽ സംസ്ഥാനത്തൊട്ടാകെ വിവിധ തലങ്ങളിലുള്ള ആരോഗ്യ പ്രവർത്തകരെ വാക് ഇൻ ഇന്റർവ്യുവിലൂടെ നിയമിച്ചപ്പോഴും മയ്യഴിയിൽ ഒഴിവുകളുണ്ടായിട്ടും നിയമനമുണ്ടായില്ല.
മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ, അഞ്ഞൂറോളം തൊഴിലാളികളുടെ ജീവിതോപാധിയായ മാഹി സ്പിന്നിംഗ് മിൽ, കഴിഞ്ഞ ആറ് മാസക്കാലമായി അടച്ചിട്ടതോടെ, തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലുമായി. നികുതി ഏകീകരണം വന്നതോടെ, ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന മയ്യഴിയുടെ നടുവൊടിഞ്ഞു. പലസ്ഥാപനങ്ങളും അടച്ചുപൂട്ടി. നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമായി. ബാറുകൾ അടച്ചിട്ടതോടെ, നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമുണ്ടായത്.
അട്ടിമറിയുന്നു, സംവരണ ആനുകൂല്യവും
എസ്.സി /ഒ.ബി.സി. വിഭാഗങ്ങകളുടെ സംവരണ ആനുകൂല്യം പോലും മയ്യഴിക്കാർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മലയ, പുലയ വിഭാഗക്കാരെ മയ്യഴിയിൽ എസ്.സി. പട്ടികയിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല. ഒ.ബി.സി.ലിസ്റ്റും ശോഷിച്ചുവരികയാണ്. മാഹിക്കാരികളായ സ്ത്രീകളെ കേരളത്തിലെ പുരുഷന്മാർ വിവാഹം ചെയ്താൽ അവരുടെ മക്കൾ ഒ.ബി.സി. പട്ടികയിൽ വരില്ല. പിതാവ് മാഹിയിൽ താമസിച്ചാലും മക്കൾ പട്ടികയിൽ വരില്ല. എന്നാൽ മാഹിയിലെ പുരുഷൻമാർ കേരളത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചാൽ ഒ.ബി.സിയിൽ വരികയും ചെയ്യും!
(അവസാനിച്ചു)
മിനി ഹാർബറിന്റെ പണി പതിവഴിയിൽ
മയ്യഴിയുടെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായ മയ്യഴി മിനി ഹാർബറിന്റെ പണി പാതിവഴി പിന്നിട്ടപ്പോൾ നിലച്ചിരിക്കുകയാണ്. ഇവിടെ ബോട്ടുകൾക്കുള്ള മണ്ണെണ്ണ പമ്പിന് സ്ഥലമേറ്റെടുത്തെങ്കിലും പണി തുടങ്ങിയിട്ടില്ല.
ആനുകൂല്യങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു വർഷങ്ങൾക്ക് മുമ്പുവരെ മാഹി ഫിഷറീസ് വകുപ്പ്. മത്സ്യ ബന്ധന ബോട്ടുള്ളവർക്ക് നൂറ് ലിറ്റർ വരെ നൽകിയിരുന്ന മണ്ണെണ്ണ സബ്സിഡി ഇല്ലാതായി. രണ്ടു വർഷമായി ബോട്ട് ഇൻഷ്വറൻസ് സബ്സിഡിയും ലഭിക്കുന്നില്ല. പഞ്ഞമാസങ്ങളിൽ നൽകിയിരുന്ന 100 കിലോ അരിക്ക് പകരം പൈസ നൽകുമെന്ന് പറഞ്ഞെങ്കിലും, ഈ വർഷം ഇനിയും നൽകിയിട്ടില്ല. നാല് മാസക്കാലമായി മത്സ്യത്തൊഴിലാളികളുടെ പ്രതിമാസ പെൻഷനും മുടങ്ങിക്കിടപ്പാണ്.