പഴയങ്ങാടി: സഹകരണ മേഖലയിൽ ടൂറിസത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് 2018ൽ ഏഴോം കോട്ടക്കീൽ കേന്ദ്രമായി ആരംഭിച്ച ഏഴോം സർവീസ് ബാങ്ക് സംരംഭമായ ഏഴിലം ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. രണ്ട് വർഷം കൊണ്ട് കുതിച്ചു വളർന്നതോടെ പ്രവാസികളെ ഉൾപ്പെടുത്തി വികസിപ്പിക്കാനിരിക്കെയാണ് കൊവിഡ് വ്യാപനം വെല്ലുവിളിയായത്. ഇതോടെ ബോട്ട് സർവീസ് നിർത്തി.
രണ്ട് ഹൗസ് ബോട്ടുകൾ, രണ്ട് സ്പീഡ് ലോഞ്ചർ ബോട്ടുകൾ, ഒരു ഡേ ക്രൂയിസർ ബോട്ട്, രണ്ട് പെഡൽ ബോട്ടുകൾ ഉൾപ്പടെ സർവീസ് നടത്തിയിരുന്നു. വിദേശത്ത് നിന്നും സ്വദേശത്തും നിന്നുമായി 300 ഓളം സംഘങ്ങൾക്ക് വേണ്ടി ഹൗസ് ബോട്ടുകൾ സർവീസ് നടത്തിയിട്ടുണ്ട്. 10 ജീവനക്കാരെയും നിയമിച്ചിരുന്നു.
പിന്നീട് ഹൗസ് ബോട്ട് കേന്ദ്രീകരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് കാറ്ററിംഗ് സർവിസ് നടത്തിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ ജീവനക്കാർക്ക് വേതനം നൽകാനും പറ്റാതെയായി. ഏഴിലം ടൂറിസം പദ്ധതിയിൽ 2 കോടിയിലേറെ രൂപ നിക്ഷേപിച്ച് വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാൽ സ്കൂൾ അവധിക്കാലവും ഓണക്കാലവും ചലനമുണ്ടാക്കിയില്ല. സർക്കാർ സഹായത്തോടെ ഏഴിലം ടൂറിസം പദ്ധതി ഉയർത്തെഴുന്നേക്കും എന്ന വിശ്വാസത്തിലാണ് അധികൃതർ.