കണ്ണൂർ: കെ.എസ്.യു അഴീക്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്റെ പള്ളിക്കുന്നിലെ കൊക്കായൻപാറയിലെ വീട്ടുമുറ്റത്ത് റീത്ത് വച്ചു. നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് എഴുതിയ റീത്താണ് ഇന്നലെ പുലർച്ചെ വീട്ടുകാർ കണ്ടത്. സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സി.പി.എം നാടിനെ പ്രാകൃത സംസ്‌കാരത്തിലേക്ക് നയിക്കുകയാണെന്നും നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനും പൊതുപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്നും ഡി.സി സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കെ.എസ്.യു പ്രവർത്തകർക്ക് നേരെ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഭീഷണി മുഴക്കിയ സി.പി.എം സൈബർ ഗുണ്ടകൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരം സാമൂഹ്യ വിരുദ്ധ നടപടികൾ ആവർത്തിക്കുന്നതെന്നും റൈഷാദിന്റെ വീട് സന്ദർശിച്ചതിനു ശേഷം പാച്ചേനി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരും പാച്ചേനിയോടൊപ്പം ഉണ്ടായിരുന്നു.