kovid

കൂത്തുപറമ്പ്:സമ്പർക്ക വ്യാപനം രൂക്ഷമായ കോട്ടയം മലബാറിലെ കിണവക്കലിൽ പ്രത്യേക ക്ലസ്റ്ററായി. ഒരാഴ്ച്ചക്കിടെ 63 പേർക്കാണ് കിണവക്കൽ മേഖലലിൽ സമ്പർക്കത്തിലൂടെ കൊവിഡ്ബാധ ഉണ്ടായിട്ടുള്ളത്.കിണവക്കൽ ടൗൺ ഉൾപ്പെടുന്ന 2, 3, 14 വാർഡുകളിലാണ് സമ്പർക്ക വ്യാപനം രൂക്ഷം. രണ്ടാം ഘട്ടത്തിൽ 171 പേർക്കാണ് പഞ്ചായത്തിൽകോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 63 ഉം ഒരാഴ്ച്ചക്കിടയിൽ കിണവക്കൽ മേഖലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒാണത്തോടനുബന്ധിച്ച് ഒരു വ്യക്തി ഒരുക്കിയ സദ്യയിൽ പങ്കെടുത്ത 40 പേരിൽ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. അതോടൊപ്പം ഒറവയൽഭാഗത്തെ രണ്ടു വീടുകളിലുള്ള 15 പേർക്കും രോഗബാധ ഉണ്ടായി. ഇവിടെ നിരവധി പേരാണ് നിലവിൽ ക്വാറന്റൈയിനിലുള്ളത്. പഞ്ചായത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറാകാത്തതാണ് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായതെന്ന് കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷബ്ന പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗണിന് ഇളവ് നൽകിയശേഷവും കിണവക്കൽ ടൗൺ മിക്കവാറും അടഞ്ഞ് കിടക്കുകയാണ്. ടൗണിന് സമീപത്ത് സമ്പർക്കക്കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ടൗണിലെ നിയന്ത്രണങ്ങൾ. എന്നാൽ തുടർച്ചയായി അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ കിണവക്കൽ ടൗണിൽ നേരിയ ഇളവുകൾ നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ കടകൾ തുറക്കുന്നതിന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. അതോടൊപ്പം രോഗബാധിതരുടെ വീടിന്റെ 100 മീറ്റർ ചുറ്റളവിൽ മാത്രം അടയ്ക്കുന്ന വിധത്തിൽ പ്രദേശത്തെ മൈക്രോകണ്ടൈയിൻമെന്റ് സോണായി മാറ്റും.