പിണറായി: കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് സ്നേഹവും കരുതലും നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച താഴത്തു വീട്ടിലെ ഷജിത്തിനും കുടുംബത്തിനും നന്ദി പറഞ്ഞ് അരുന്ധവർസെ ജ്ഞാനാംബിഗൈ മകനൊപ്പം ജർമ്മനിയിലേക്ക് പറന്നു. കൊവിഡിൽ കുടുങ്ങി ജർമ്മനിയിലെ മകന്റെ വരവും കാത്ത് പത്തുമാസത്തോളം ഈ വീട്ടിൽ ശയ്യാവലംബയായി കഴിയുകയായിരുന്ന ജ്ഞാനാംബിഗൈ ശനിയാഴ്ച രാത്രിയാണ് ആംബുലൻസിൽ ബംഗളൂരുവിലെത്തി അവിടെ നിന്നും ജർമ്മനിയിലേക്കു പറന്നത്.
ഫ്രാങ്ക്ഫർട്ട് ടുട്ട് ലിംഗനിൽ കഴിയുകയായിരുന്ന ജ്ഞാനാംബിഗൈ പിണറായി കിഴക്കുംഭാഗം കണിയാങ്കണ്ടിമുക്കിലെ താഴത്ത് വീട്ടിലെത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. ഷജിത്തും ഭാര്യ ഷിജിനയും മകൾ ശ്രീലക്ഷ്മിയുമാണ് ജ്ഞാനാംബിഗൈയ്ക്ക് എല്ലാം ഒരുക്കിയിരുന്നത്. ജർമ്മനിയിൽ എൻജിനീയറായ മകൻ അഖിലന്റെ വരവും കാത്തു കഴിയുകയായിരുന്നു ഈ അമ്മ. ഷജിത്തിന്റെ മകൾ ശ്രീലക്ഷ്മിക്ക് ഇവർ ജർമ്മനമ്മയാണ്.
1980 കളിൽ ജാഫ്നയിലുണ്ടായ കലാപത്തെ തുടർന്നാണ് അടുത്ത ബന്ധുവിന്റെ സഹായത്തോടെ തമിഴ് വംശജരായ സിന്നദുയയും ഭാര്യ ജ്ഞാനാംബിഗൈയും ജർമ്മനിയിലേക്ക് പോയത്. ഭർത്താവിന്റെ മരണശേഷം മകൻ അഖിലന്റെ കൂടെയായിരുന്നു ജ്ഞാനാംബിഗൈ. കഴിഞ്ഞ ഡിസംബറിലാണ് ഇവർ ആയുർവേദ ചികിത്സയ്ക്കായി മകനൊപ്പം കേരളത്തിലെത്തുന്നത്. ജർമനിയിൽ വച്ച് ഹൃദയശസ്ത്രക്രിയ്ക്കിടെ പക്ഷാഘാതം സംഭവിച്ച ജ്ഞാനാംബിഗൈക്ക് കേരളത്തിലെ ആയുർവേദ ചികിത്സ നൽകാനായിരുന്നു ഇത്. ജർമനിയിൽ അഖിലനൊപ്പം എൻജിനീയറായി ജോലി ചെയ്യുന്ന പിണറായി സ്വദേശി കെ.വി. മൃദുലാണ് ചികിത്സാസൗകര്യങ്ങൾ ഒരുക്കിയത്. മൃദുലിന്റെ അമ്മാവനും ഫോട്ടോഗ്രാഫറുമായ കെ.വി ഷജിത്തിന്റെ താഴത്ത് വീട്ടിൽ ഇവർക്ക് താമസസൗകര്യമൊരുക്കുകയായിരുന്നു. പരിചരിക്കാൻ പെയിൻ ആൻഡ് പാലിയേറ്റീവിലെ അജിതയും. സ്നേഹവും കരുതലും ആവോളം കിട്ടുമ്പോഴും ജ്ഞാനാംബിഗൈയ്ക്ക് മകന്റെ അരികിലെത്തണമെന്ന വാശിയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സകൊണ്ട് ജ്ഞാനാംബിഗൈക്ക് എഴുന്നേറ്റ് നടക്കാനായി. ഒരു മാസം കഴിഞ്ഞ് വീണ്ടും ചികിത്സയ്ക്കെത്തണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ അമ്മയെ ഷജിത്തിന്റ വീട്ടിലാക്കി അഖിലൻ ജർമനിക്ക് പറക്കുകയായിരുന്നു.
പത്രങ്ങളിൽ വന്ന വാർത്തയെ തുടർന്ന് കെ. സുധാകരൻ എം.പി ജർമ്മനിയിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ടതോടെയാണ് മകൻ അഖിലന് ഇന്ത്യയിലേക്കുള്ള വിസ തരപ്പെട്ടത്. എംബസിയുടെ പ്രത്യേക അനുമതി കിട്ടാൻ വൈകിയതാണ് മകന് അമ്മയുടെ അടുത്ത് എത്താൻ കഴിയാതെ വന്നത്. ഷജിത്തിന്റെ വീട്ടിലെ ഒരു അംഗം പോലെയായിരുന്നു അവർ ഇത്രയും കാലം.