കാഞ്ഞങ്ങാട്: ഞായറാഴ്ച പുലർച്ചെ നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധനം കഴിഞ്ഞശേഷം കരയോടു ചേർന്നു നിർത്തിയിട്ട ബോട്ടുകളായ മർവ്വ, അജ് വാദ് എന്നി ബോട്ടുകൾ ശക്തമായി പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപാച്ചലിൽ കാണാതായി. തെരച്ചിലിനിടെ ഒരു ബോട്ടു കണ്ടു കിട്ടി. ഇതിനിടെ കാണാതായ അജ് വാദ് ബോട്ടു തൃക്കരിപ്പൂർ കന്നുവീടു കടപ്പുറം ഭാഗത്ത് കടലിൽ ഒഴുകി നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ഫിഷറീസ് രക്ഷാബോട്ടുമായി കലി തുളളുന്ന കടലിൽ രക്ഷാപ്രവർത്തനം നടത്തി. ഗാർഡുമാരായ മനു, ധനീഷ്, സനീഷ്, ബോട്ടു ഡ്രൈവർമാരായ കണ്ണൻ, നാരായണൻ മത്സ്യ തൊഴിലാളികളായ ഉദിനൂർ ചന്ദ്രൻ, ജലീൽ , ഷെരീഫ് എന്നിവരുമായി പുറപ്പെട്ടു ബോട്ട് അഴിത്തലയിലെത്തിച്ചു. ബോട്ടിനു നേരിയതോതിൽ നാശനഷ്ടം ഉണ്ടായി.