കാഞ്ഞങ്ങാട്: നാടൊട്ടുക്കും കൊവിഡിനെതിരെയുള്ള പ്രവർത്തനത്തിലാകുമ്പോൾ അതിനൊപ്പം നിൽക്കേണ്ട ഭാരതീയ ചികിത്സാ വകുപ്പിൽ കുതികാൽ വെട്ടും പാരവയ്പ്പും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പൂർണിമയെ സസ്പെൻറ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വകുപ്പിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. പൂർണിമ തന്റെ കീഴ്ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്പെൻ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഡോക്ടർ തന്റെ കീഴ്ജീവനക്കാരോട് ജോലി ചെയ്യുന്നതിൽ സത്യസന്ധത വേണമെന്ന് വാശി പിടിച്ചിരുന്നുവത്രെ. ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാൻ കൊതിച്ച ജീവനക്കാരോട് നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഇതെല്ലാം കൊണ്ട് ഡോക്ടർ അവരുടെ കണ്ണിലെ കരടായിയെന്നാണ് പറയുന്നത്. അതുവഴി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി പോവുകയും ഡി.എം.ഒ അന്വേഷണം നടത്തി റിപ്പോർട്ടു നൽകുകയുമായിരുന്നുവെന്നാണ് ആക്ഷേപം.
ഡി.എം.ഒയെ പരാമർശിച്ച് ഒരു പത്രത്തിൽ വന്ന വാർത്തക്കു പിന്നിൽ ഡോക്ടറാണെന്ന ധാരണ പരന്നതായും പറയുന്നു. ഇതും അവർക്കെതിരെയുള്ള വിരോധത്തിനിടയാക്കിയത്രെ.
ഡോക്ടർ സസ്പെൻഷനിലായതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആശങ്കയിലുമാണ്. സസ്പെൻഷൻ കടുത്തതായി പോയെന്ന അഭിപ്രായം അവരിൽ ചിലർക്കുണ്ട്. കൊവിഡിനെതിരെയുള്ള പ്രതിരോധം സക്രിയമായി നടന്നു കൊണ്ടിരിക്കെ അതിൽ ഭാഗമാകേണ്ട ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതും ചർച്ചാ വിഷയമാണ്.