പഴയങ്ങാടി: പുതിയങ്ങാടി കടപ്പുറത്ത് 57 വർഷം മുമ്പ് സർക്കാർ സ്ഥാപിച്ച ഐസ് പ്ലാന്റ് ചരിത്ര സ്മാരകമായി മാറി. വർഷങ്ങൾക്ക് മുമ്പേ പ്രവർത്തനം നിലച്ച ഐസ് പ്ലാന്റ് കെട്ടിടം തകർന്ന് കാട് മൂടി കിടക്കുകയാണ്. 1961ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായ പി.പി ഉമ്മർ കോയ ശിലാസ്ഥാപനം നടത്തി നിർമ്മാണം ആരംഭിച്ച ഐസ് പ്ലാന്റ് 1963ൽ ഫിഷറീസ് വകുപ്പ് മന്ത്രി കെ. കുഞ്ഞമ്പു നാടിനായി സമർപ്പിക്കുകയായിരുന്നു.
മത്സ്യതൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഐസ് പ്ലാന്റ് വന്നതോടെയാണ് ഈ ഭാഗത്തേക്ക് ശരിയായ റോഡ് പോലും ഉണ്ടായത്. പുതിയങ്ങാടിയിലെ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയ ഐസ് പ്ലാന്റിന്റെ ഗുണം മറ്റ് തീരദേശ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്കും ലഭിച്ചിരുന്നു. ക്രമേണ സ്വകാര്യ ഐസ് പ്ലാന്റുകൾ പുതിയങ്ങാടി കടപ്പുറത്ത് വന്നതോടെ കുറഞ്ഞ വിലക്ക് ഐസ് നൽകിയിരുന്ന പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു.
ആധുനിക രീതിയിലുള്ള ഐസ് നിർമ്മാണം നടത്താനുള്ള സംവിധാനം ഇല്ലാത്തത് ആണ് പ്ലാന്റ് പൂട്ടുവാനുള്ള കാരണം. പ്രധാന മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ ആധുനിക ഐസ് പ്ലാന്റ് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ 2018 മാർച്ചിൽ പറഞ്ഞിരുന്നു.
എസ്റ്റിമേറ്റിനായി കാത്തിരിപ്പ്
നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഐസ് പ്ലാന്റിന് പകരം 25 ടൺ ശേഷിയുള്ള പുതിയൊരു ഐസ് പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് തയ്യറാക്കി വരുകയാണെന്നും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് ഐസ് പ്ലാന്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. നിയമസഭയിൽ ടി.വി രാജേഷ് എം.എൽ.എ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി മറുപടി പറഞ്ഞത്. എന്നാൽ പ്രഖ്യാപനം നടത്തി വർഷം രണ്ട് കഴിഞ്ഞിട്ടും ഐസ് പ്ലാന്റ് നിർമ്മാണം സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ല.