നീലേശ്വരം: കിനാനൂർ -കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം പാലം അപകടത്തിൽ. നെല്ലിയടുക്കം വഴി ബിരിക്കുളം പരപ്പ റോഡിലെ പാലമാണ് ഇരു ഭാഗങ്ങളിലുമുള്ള കൈവരികൾ തകർന്ന് കിടക്കുന്നത്. 25 വർഷം മുമ്പ് പണിത പാലത്തിന്റെ കൈവരികൾ തകർന്ന് ഏത് നിമിഷവും വാഹനങ്ങൾ ചാലിലേക്ക് വീഴാവുന്ന സ്ഥിതിയാണുള്ളത്.
നെല്ലിയടുക്കം പാലം നിലവിൽ വന്നതോടെ ബിരിക്കുളം പരപ്പയിലേക്ക് നിരവധി ബസുകളാണ് പാലം വഴി കടന്നു പോകുന്നത്. കൂടാതെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്, വെള്ളരിക്കുണ്ട് താലൂക്ക്, ആർ.ടി. ഓഫീസ്, എന്നിവ നിലവിൽ വന്നതോടെ നിത്യേന നിരവധി വാഹനങ്ങളാണ് നെല്ലിയടുക്കം പാലം വഴി കടന്നു പോകുന്നത്.
അധികൃതർക്ക് കുലുക്കമില്ല
പാലത്തിന്റെ കൈവരികൾ തകർന്നതോടെ മഴക്കാലങ്ങളിൽ ചാലിൽ വെള്ളപ്പൊക്കം വന്നാൽ ഇരുചക്രവാഹനങ്ങളടക്കം ഏറെ ഭീതിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവർ അത്ര ഗൗരവത്തിലെടുത്തില്ലെന്ന് പറയുന്നു.