ചെറുവത്തൂർ: ദിവസങ്ങളോളമായി നീണ്ടു നിൽക്കുന്ന കനത്ത മഴ ,നെൽവയലടക്കം പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കി. കൊയ്യാൻ പാകത്തിലുള്ള നെൽമണികൾ പൊഴിഞ്ഞു തുടങ്ങിയത് കർഷകന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്. ചെറുവത്തൂർ, പിലിക്കോട്, പടന്ന ,തൃക്കരിപ്പൂർ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. ചെറുവത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയായ പുതിയ കണ്ടം പ്രദേശത്തെ ഏക്ര കണക്കിന് നെൽ വയലിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
പിലിക്കോട് പഞ്ചായത്തിലെ മലപ്പ് - പാടാളം പ്രദേശത്തും സ്ഥിതി വിഭിന്നമല്ല. തൃക്കരിപ്പൂർ പഞ്ചായത്തിലെ കുണിയൻ പുഴ കരകവിഞ്ഞൊഴുകുകയാണ്. കൊയങ്കര, ഈയ്യക്കാട് പാടശേഖരങ്ങളിലെ ഏക്ര കണക്കിന് നെൽവയൽ വെള്ളത്തിൽ നിലം പറ്റി കിടക്കുകയാണ്. കാപ്പിൽ പ്രദേശത്തെ ഏക്ര ക്കണക്കിന് നെൽവയൽ നികത്തി പറമ്പാക്കിയത് കാരണമാണ് നടക്കാവ്, കാപ്പിൽ, വടക്കെ കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയത്. ഇതു വഴിയൊഴുകുന്ന കഞ്ചിയിൽ തോടിന്റെ ആരംഭ ചാലുകൾ ഇല്ലാതാക്കിയതും പ്രദേശത്ത് ദുരിതം വിതക്കാാൻ ഇടയാക്കി.
ആയിറ്റി, മീലിയാട്ട് തുടങ്ങിയ വിടങ്ങളിലും മഴവെള്ളം കെട്ടി നിൽക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു .നടക്കാവിലെ പി.കുഞ്ഞമ്പുവിന്റെ വീട് വെള്ളക്കെട്ട് ഭീഷണിയിലാണ്. എടാട്ടുമ്മൽ - കുണിയൻ റോഡ് പലയിടത്തും വെള്ളത്തിനടിയിലായി. ഒളവറ, തെക്കുമ്പാട് പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.