ചെറുവത്തൂർ: പാലം നിർമ്മാണത്തിനാവശ്യമായ പ്രാരംഭ നടപടിയുടെ ഭാഗമായി നിർമ്മിച്ച ബണ്ട് പൊട്ടി വെള്ളം കുതിച്ചൊഴുക്കുന്നത് പ്രദേശവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു. അച്ചാംതുരുത്തി ആറിൽ കടവ് പാലത്തിന്റെ നിർമ്മാണത്തിനായി ഉണ്ടാക്കിയ ബണ്ടിന്റെ ഒരു ഭാഗം പൊട്ടിയതോടെ അതുവഴി പുഴ വെള്ളം കുതിച്ചൊഴുകാൻ തുടങ്ങിയതാണ് പ്രശ്നമുണ്ടാക്കിയത്.
എരിഞ്ഞിക്കൽ ഭാഗത്തുള്ള കര പ്രദേശത്തുകൂടി പുഴ കവിഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്. പരിസരത്തു തന്നെയുള്ള കെ.കെ നാരായണൻ, എ.കെ.രവി എന്നിവരുടെ വീടുകൾ കുത്തൊഴുക്കിന്റെ കനത്ത ഭീഷണി നേരിടുകയാണ്. മഴ ഇനിയും കനത്താൽ പുഴ വഴി മാറി വീടുകളെയടക്കമെടുത്ത് ഒഴുകുമോയെന്ന ഭീതിയിലാണ് കുടുംബം.
സംഭവമറിഞ്ഞ് തഹസിൽദാർ എൻ. മണിരാജ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.വി. വിനോദ് ,വില്ലേജ് ഓഫീസർമാരായ കെ.വി. വിജു, ടി.പി. രമേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.