കണ്ണൂർ: ഹിമാചൽ പ്രദേശിൽ പതിനായിരം അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ അടൽ ടണൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ഏച്ചൂരിലെ കേളമ്പേത്ത് വീട്ടിലും അഭിമാനത്തിന്റെ നിമിഷം. മുണ്ടേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ കെ.പി. പുരുഷോത്തമൻ ചീഫ് എൻജിനീയറായ ബോർഡർ റോഡ് ഓർഗനൈസേഷനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിനീയറിംഗ് വിസ്മയത്തിന് ചുക്കാൻ പിടിക്കുന്നത്.
മെട്രോമാനായ ഇ. ശ്രീധരനൊപ്പം തുന്നിച്ചേർക്കാവുന്ന മറ്റൊരു മലയാളിയുടെ പേരാണ് പുരുഷോത്തമന്റേത്. ഒക്ടോബർ ആദ്യ വാരം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ടണൽ പുരുഷോത്തമന്റെ ജീവിതത്തിലെ വെല്ലുവിളികൾ നിറഞ്ഞ സംരംഭമായിരുന്നു. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേർന്ന് പത്ത് വർഷം കൊണ്ടാണ് ഇതു പൂർത്തിയാക്കിയത്. മണാലിയിലെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ രാജ്യത്തിന്റെ പ്രതിരോധ, വിനോദ സഞ്ചാരമേഖലയിൽ നിർണായക സ്ഥാനം നേടാൻ പോകുകയാണ്.
1987 ലാണ് പുരുഷോത്തമൻ ബോർഡർ റോഡ് ഓർഗനൈസേഷനിൽ എൻജിനീയറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയോടും മറ്റും പൊരുതിയാണ് ഈ രംഗത്ത് നിരവധി പദ്ധതികൾ പുരുഷോത്തമൻ പൂർത്തിയാക്കിയത്. മൂന്നു വർഷം ഈ പ്രോജക്ടിനൊപ്പം തന്നെയായിരുന്നു പുരുഷോത്തമൻ. അരുണാചലിലെ ചേലാ ടണൽ, സിക്കിമിലെ ടണൽ എന്നിവ അവയിൽ ചിലത് മാത്രമാണ്.
അടൽ ടണൽ പൂർത്തിയാകുമ്പോൾ മണാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയിൽ 46 കിലോ മീറ്ററും നാല് മണിക്കൂറും ലാഭിക്കാൻ കഴിയും. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞ് കിടക്കുന്ന റോഹ് താംഗ് ചുരം ഒഴിവാക്കി യാത്ര ചെയ്യാനും കഴിയും. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതത്തെ തുരന്ന് ടണൽ നിർമ്മിക്കുകയെന്നത് പുരുഷോത്തമനും സഹപ്രവർത്തകരും വെല്ലുവിളിയായി ഏറ്റെടുത്തപ്പോൾ ചരിത്ര വിസ്മയം അഭിമാനമായി മാറുകയായിരുന്നു. കണ്ണൂർ പോളിടെക്നിലെ പഠനത്തിനു ശേഷം ഡൽഹിയിൽ നിന്നും കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ ഡിപ്ളോമ നേടി. മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡലും മറ്റും നേടിയിരുന്നു.
ഏതാനും വർഷം മുമ്പ് കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേൽനോട്ടവും പുരുഷോത്തമനായിരുന്നു. തലശേരി ഇല്ലത്ത്താഴെ സ്വദേശി സിന്ധുവാണ് ഭാര്യ. ഡോ. വരുൺ, അമേരിക്കയിൽ എൻജിനീയറായ യുവിഗ എന്നിവർ മക്കളാണ്. സൈന്യത്തിനും സഞ്ചാരികൾക്കും ഒരു പോലെ ഗുണകരമാകുന്നതാണ് അടൽ ടണൽ.