24 മണിക്കൂറിൽ ജില്ലയിൽ 121.64 മില്ലീമീറ്റർ മഴ
10 വീടുകൾ ഭാഗികമായി തകർന്നു
കാസർകോട് : കനത്ത മഴയിൽ കാസർകോട് ജില്ലയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മധുവാഹിനി, ചന്ദ്രഗിരി, കാര്യങ്കോട് പുഴകൾ നിറഞ്ഞൊഴുകി. പുഴകളുടെ തീരപ്രദേശങ്ങളി ലെ വീടുകൾ, സ്ഥാപനങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി.
കാർഷികവിളകളും നെൽകൃഷിയും വ്യാപകമായി നശിച്ചു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്രം വെള്ളത്തിൽ മുങ്ങി. പ്രാർത്ഥനകളും പൂജാദി കർമ്മങ്ങളും അരയോളം വെള്ളത്തിൽ നിന്നാണ് നടത്തിയത്. ചെറുവത്തൂർ പുതിയകണ്ടം, പൊടോതുരുത്തി, പാടിക്കീൽ, അരയി, കുണിയൻ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. പാടിക്കീൽ ജി യു പി സ്‌കൂളിന്റെ ചുറ്റുമതിൽ തകർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ കനത്തമഴയിൽ വിവിധയിടങ്ങളിൽ 10 വീടുകൾ ഭാഗീകമായി തകർന്നു.
കാലവർഷം ആരംഭിച്ചതു മുതൽ ജില്ലയിൽ ഇതുവരെയായി രേഖപ്പെടുത്തിയത് 3708.02 മില്ലിമീറ്റർ മഴയാണ്.ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് കാസർകോട് ലഭിച്ചത്. വൈകീട്ടാണ് മഴയ്ക്ക് അല്പം ശമനം ഉണ്ടായത്.