തലശ്ശേരി: മനുഷ്യത്വത്തെ ആധാരമാക്കിയുള്ള ദർശനമായിരുന്നു ഗുരുവിന്റേതെന്ന് തലശ്ശേരി രൂപതാ സഹായമെത്രാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. മഹാസമാധി ദിനത്തിൽ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നടന്ന മദ്യ വിരുദ്ധ ഏകോപന സമിതി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിക്ക് ഒരു കവാടമുണ്ടെങ്കിൽ അവിടെ എഴുതിവെക്കേണ്ട ആപ്തവാക്യമാണ് ഗുരു അരുവിപ്പുറത്ത് എഴുതി വെച്ചത്. നമ്മുടെ ഇഷ്ടത്തിന്നുസരിച്ച് രൂപപ്പെടുത്താവുന്നതല്ല ദൈവിക സങ്കൽപ്പം. മതം എന്നതിന് ഗുരു നൽകിയ നിർവ്വചനം തന്നെ അഭിപ്രായം എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയർമാൻ ഫാദർ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തലമുറകളായി ആയിരക്കണക്കിന് കുടുംബങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്ന മദ്യ സമ്പത്ത് കൊണ്ട് ഒരിക്കലും നൻമ പുലർത്താൻ ഒരു സർക്കാരിനുമാകില്ല. പുതു തലമുറയെ ലഹരി മുക്തമാക്കിയില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതാവുമെന്ന് സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ, ആന്റണി മേൽവെട്ടം, ഷിനോ പാറക്കൽ, സുഹൈൽ ചെമ്പന്തൊട്ടി, റെജി വെണ്ണക്കല്ല് എന്നിവർ സംസാരിച്ചു.