പാനൂർ: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് നടക്കുന്നതറിഞ്ഞ് തലശ്ശേരി ഡിവൈഎസ്.പി മൂസ വള്ളിക്കാടൻ പാനൂർ സി.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിനു 100 മീറ്റർ അകലെ ബാരിക്കേഡ് ,ജലപീരങ്കി ഉൾപ്പെടെ സജ്ജീകരിച്ച് പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഘർഷാവസ്ഥ കുറച്ചുനേരം നീണ്ടു. സമരം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.ശ്യംരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ സ്മിൻതേഷ് അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് സ്വാഗതം പറഞ്ഞു. കെ.സി ജിയേഷ്, മനോജ് സംസാരിച്ചു.