പഴയങ്ങാടി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം തൊഴിലാളികൾ എന്ന വ്യാജേന കഴിഞ്ഞ ഭീകരരെ പിടികൂടിയിട്ടും അധികൃതർക്ക് ജാഗ്രതയില്ല. കണ്ണൂർ ജില്ലയിൽ അടക്കം നിരവധി അന്യ സംസ്ഥാന തൊഴിലാളികളാണ് യാതൊരു രേഖകളും ഇല്ലാതെ കഴിയുന്നത്. ജില്ലയിൽ മാടായി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ തിങ്ങി പാർക്കുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവരുടെ താമസം.
ഇവരെ എത്തിക്കുന്ന കരാറുകാരന് യാതൊരു ഉത്തരവാദിത്വവുമില്ല. പൊലീസിലോ പഞ്ചായത്തിലോ ഇവരുടെ യഥാർത്ഥ കണക്ക് പോലുമില്ല. ബംഗാൾ, ഒഡീസ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നത്. പലർക്കും മതിയായ തിരിച്ചറിയൽ രേഖകളുമില്ല.
അധികൃതർ പരിശോധന നടത്താത്തതോടെ കൊടുംകുറ്റിവാളികളും മയക്ക് മരുന്ന് മാഫിയയും ഇവർക്കിടയിൽ തമ്പടിക്കുന്നു. ഇവരുടെ താമസ സ്ഥലമാകട്ടെ വൃത്തിഹീനമാണ്. കൂടുതൽ ആളുകൾ ഒരു മുറിയിൽ താമസിച്ച് അവിടെ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതോടെ പലർക്കും മാറാരോഗങ്ങളുമുണ്ട്. മാടായി പഞ്ചായത്തിൽ മെഡിക്കൽ സംഘം ഇവരുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും വൃത്തിഹീനമായ പല മുറികളും പൂട്ടി സീൽ വെച്ചിരുന്നുവെങ്കിലും ചിലർ ഇടപെട്ടു. തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാദ്ധ്യത പൊലീസിന് ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു