terrorist-arrest

പാപ്പിനിശേരി (കണ്ണൂർ): തിരുവനന്തപുരത്ത് എൻ.ഐ.എ പിടിയിലായ ഭീകരൻ പാപ്പിനിശേരി അരോളി കാട്യം ചാലിലെ കട്ടിക്കാലിന്റകത്ത് ഷുഹൈബ് ഇന്ത്യൻ മുജാഹിദീന്റെ വടക്കൻ കേരളത്തിലെ കോ- ലീഡറാണ്. തടിയന്റവിട നസീറായിരുന്നു ലീഡർ.

നാട്ടുകാരിൽ നിന്ന് ഒഴിഞ്ഞുമാറി, ആരോടും അടുത്ത ബന്ധം പുലർത്താതെ കഴിഞ്ഞിരുന്ന ഷുഹൈബിന്റെ പ്രവർത്തനം രാത്രിയിലായിരുന്നു. പകൽ സമയം മിക്കവാറും വീട്ടിൽ ഒതുങ്ങിക്കഴിയും. തടിയന്റവിട നസീറുമായുള്ള സൗഹൃദമാണ് ഭീകര പ്രവർത്തനത്തിലേക്ക് നയിച്ചത്. ഭീകര സംഘടയിലേക്ക് യുവാക്കളെ സംഘടിപ്പിക്കാൻ രഹസ്യ കേന്ദ്രങ്ങളിൽ പലതവണ ക്യാമ്പ് ഒരുക്കി. സംഘടനയെ നിരോധിച്ച ഘട്ടത്തിലും ഷുഹൈബിന്റെ നേതൃത്വത്തിൽ രഹസ്യ യോഗങ്ങൾ ചേർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

വീട്ടിൽ നിന്നും നാട്ടിൽ നിന്നും മാറി നിൽക്കുന്ന പതിവും ഈയാൾക്കുണ്ട്. മടങ്ങിവരവ് പലപ്പോഴും പുലർച്ചെ ആയിരിക്കും. അന്യ സംസ്ഥാനക്കാരെന്ന് തോന്നിപ്പിക്കുന്ന അപരിചിതരായവരോടൊപ്പം പലതവണ ഈയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. ബംഗളൂരു സ്ഫോടന പരമ്പരകൾക്കു ശേഷം നാട്ടിൽ നിന്ന് മുങ്ങി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് കേസുകൾ ഷുഹൈബിന്റെ പേരിലുണ്ട്.

ഷുഹൈബിന്റെ നേതൃത്വത്തിൽ വടക്കൻ മേഖലയ്ക്ക് കീഴിൽ കണ്ണൂർ, കാസർകോട്, ഒമർ അൽ ഹിന്ദി എന്നീ മൂന്നു ഘടകങ്ങളാണ് ഭീകര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. 2016ൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി യുവതികൾ ഉൾപ്പെട്ട സംഘത്തെ കാണാതായതിനെത്തുടർന്ന് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. വളപട്ടണം, പാപ്പിനിശേരി എന്നിവിടങ്ങളിൽ നിന്ന് അമ്പതോളം പേർ കണ്ണൂർ ഘടകത്തിൽ ചേർന്നതായും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നിലും ഷുഹൈബാണെന്ന് അന്വേഷണസംഘം കരുതുന്നു.

ഷുഹൈബ് സൗദി അറേബ്യയിൽ അദ്ധ്യാപകനായി ജോലി നോക്കുന്നെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് അവിടെ ജയിലിലായ ശേഷം ബന്ധപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.