blood

കണ്ണൂർ: സംസ്ഥാനത്ത് രക്ത ക്ഷാമം അനുഭവിക്കുന്ന തലാസീമിയ ഉൾപ്പെടെയുള്ള മാരക രക്തരോഗികൾക്ക് ആവശ്യാനുസരണം രക്തം നൽകാനുള്ള നടപടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. കേരളകൗമുദി വാർത്തയെ തുടർന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഇടപെട്ടതോടെയാണ് തലാസീമിയ രോഗികളുടെ ദുരിതത്തിന് പരിഹാരമാകുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് രക്ത ലഭ്യതയുടെ കാര്യത്തിൽ പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് രോഗികളും ബന്ധുക്കളും അങ്ങേയറ്റം ദുരിതത്തിലായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരള അൺഎയ്ഡഡ് കോളേജ് പ്രിൻസിപ്പാൾസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യുവുമായി കൗൺസിൽ സ്റ്റേറ്റ് ജനറൽ കൺവീനർ കരീം കാരശ്ശേരി ചർച്ച നടത്തി. മാരക രക്തരോഗികൾ ചികിത്സയ്ക്കെത്തുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിദ്യാർത്ഥികളെക്കൊണ്ട് രക്തദാനം നടത്താനാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും രക്തരോഗികൾക്കും പ്രയോജനപ്പെടുംവിധം രക്തദാന പരിപാടി ക്രമീകരിക്കും. രക്തബാങ്കുകളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ചർച്ചയിൽ രക്തദാനം നടത്തുന്നതിനുള്ള ഔപചാരികമായ അപേക്ഷ കരീം കാരശ്ശേരി പ്രൊഫ. വർഗീസ് മാത്യുവിന് കൈമാറി.

രോഗികൾ ആശ്വാസതീരത്തിലേക്ക് ......

ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ 8 വയസ്സിനു മുകളിലുള്ള തലാസീമിയ രോഗികൾക്ക് ലൂക്കോ ഫിൽട്ടർ സെറ്റ് നൽകാനും നടപടിയായിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ സെറ്റ് നൽകാനാവില്ലെന്നറിയിച്ചതിനാൽ ഭാരിച്ച വിലകൊടുത്ത് ഫിൽട്ടർ സെറ്റ് പുറത്തുനിന്നു വാങ്ങിക്കേണ്ട അവസ്ഥയിലായിരുന്നു പാവപ്പെട്ട രോഗികൾ. തലാസീമിയ രോഗികൾക്ക് ഓരോ യൂണിറ്റ് രക്തം നൽകുന്നതിനും ഇത്തരം ഓരോ സെറ്റ് ആവശ്യമാണ്. മാസത്തിൽ രണ്ടു തവണവരെ രക്തം മാറ്റേണ്ടിവരുന്ന രോഗികളുണ്ട്. രക്തം നൽകമ്പോൾ ഫിൽട്ടർ സെറ്റ് ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ പാർശ്വഫലങ്ങളാണ് മുതിർന്ന രോഗികൾക്ക് അനുഭവപ്പെട്ടിരുന്നത്.

അതുപോലെ നിലവിൽ ലഭ്യമായ മരുന്നുകളൊന്നും ഫലിക്കാത്ത തലാസീമിയ രോഗികൾക്ക് അത്യാവശ്യമായ വിലകൂടിയ ഡസ്ഫറാൽ ഇഞ്ചക്ഷൻ ശേഖരിക്കാനും ആശുപത്രി അധികൃതർ തയ്യാറായിട്ടുണ്ട്. ഇതു ലഭിക്കാത്തതു കാരണം കരളിലെയും ഹൃദയത്തിലെയും ഇരുമ്പിന്റെ ആധിക്യം വർധിച്ച് അവശരായാണ് പല രോഗികളും കഴിഞ്ഞിരുന്നത്.