കണ്ണൂർ: കോൺഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനും യു.ഡി.എഫ് ബി.ജെ.പി സമരത്തിനുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് 18 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. 1972 സെപ്റ്റംബർ 23 ന് തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ തീവ്രവാദ നിലപാടുകാരെ ഉപയോഗിച്ച് കോൺഗ്രസ്സിന്റെ ആസൂത്രണത്തോടെ കൊലപ്പെടുത്തിയ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
സമാധാനത്തിന്റെ സുവിശേഷ പ്രസംഗം നടത്തുന്ന കോൺഗ്രസ് കൊലപാതക രാഷ്ട്രീയം ആരംഭിച്ചത് ഇന്നും ഇന്നലെയുമല്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിന് അഴീക്കോടൻ രക്തസാക്ഷിദിനത്തിൽ വൈകിട്ട് നാല് മുതൽ ആറ് വരെ ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോൺഗ്രസിന് മാപ്പില്ല എന്ന ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു.