കണ്ണൂർ: ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കണ്ണൂർ പൊലീസിനെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് വിഭജനം. രണ്ട് എസ്.പിമാർക്കായി ഇതിന്റെ ചുമതല നൽകും.
കണ്ണൂർ, തലശേരി സബ് ഡിവിഷനും മട്ടന്നൂർ വിമാനത്താവളവും ചേർന്നുള്ളതാണ് സിറ്റി ഡിവിഷൻ. തളിപ്പറമ്പ്, ഇരിട്ടി ഡിവിഷനുകളാണ് കണ്ണൂർ റൂറൽ ആയി വിഭജിച്ചിട്ടുള്ളത്. മാങ്ങാട്ട്പറമ്പിലായിരിക്കും കണ്ണൂർ റൂറലിന്റെ ആസ്ഥാനം.
വർദ്ധിച്ചു വരുന്ന അക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇപ്പോഴത്തെ സംവിധാനം മതിയാകുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ ഡിവിഷനുകൾ രൂപീകരിച്ചതിനു പിന്നിൽ. ഇതു സംബന്ധിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു.
വിഭജനത്തിന്റെ ഭാഗമായി പൊലീസിൽ അംഗബലവും വർദ്ധിപ്പിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിലും മറ്റും കൂടുതൽ പേർക്ക് നിയമനം നൽകും. സിവിൽ പൊലീസ് ഓഫീസർമാരായി സിറ്റിയിലും റൂറലിലും അമ്പതോളം പേരെ കൂടുതൽ നിയമിച്ചേക്കും.