കാഞ്ഞങ്ങാട്: മലമുകളിലും വിജയകരമായി മത്സ്യകൃഷി നടത്താമെന്ന് കാണിച്ചുതരികയാണ് പുരയിടത്തിൽ പ്രസാദെന്ന കർഷകൻ.
മാലോം എടക്കാനത്ത് സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരമുള്ള കുന്നിൻ മുകളിലാണ് പ്രസാദിന്റെ കൃഷിയിടം. 24 മീറ്റർ നീളവും 10 മീറ്റർ വീതിയും 5 മീറ്റർ താഴ്ചയുമുള്ള ജലാശയമുണ്ടാക്കിയാണ് മീൻ കൃഷി. ഇത്തരത്തിൽ മൂന്ന് കുളങ്ങളാണ് നിർമിച്ചിട്ടുള്ളത്. ഒരു കുളത്തിൽ 5000 മീൻകുഞ്ഞുങ്ങളെ വീതമാണ് ഇട്ടത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുണ്ടാക്കിയ കുളത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മലമുകളിലെ ഉറവക്കുഴിയിൽ നിന്നും പൈപ്പ് വഴി വെള്ളം നിറയ്ക്കുന്നത്. ഇതിനായി 20 ലക്ഷം ലിറ്ററിന്റെ കൂറ്റൻ ടാങ്കും പ്രസാദ് ഒരുക്കി.
മോഷ്ടാക്കളുടെയും മറ്റ് സാമൂഹ്യവിരുദ്ധരുടെയും ശല്യം ഒഴിവാക്കാനുമായി 9 ലക്ഷം രൂപ മുടക്കി സി.സി.ടി.വി കാമറ ഉൾപ്പെടെയുള്ള സംവിധാനവും ഒരുക്കി. ബാങ്ക് വായ്പയെടുത്താണ് ഈ സംരംഭം.
മലമുകളിലെ പ്രസാദിന്റെ 5 ഏക്കർ ഭൂമിയിൽ തെങ്ങ്, കുരുമുളക്, കവുങ്ങ്, റബർ എന്നിവയും തഴച്ചു വളരുന്നുണ്ട്. ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാദ് മീൻ വളർത്താൻ മുന്നോട്ടുവന്നത്.
മത്സ്യകൃഷിയുടെ വെളവെടുപ്പിന് സമയമായി. നൂറുമേനി വിളവു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യക്കാരായ നാട്ടുകാർക്ക് മിതമായ നിരക്കിൽ വിൽപന നടത്താനാണ് ആഗ്രഹിക്കുന്നത്.
പുരയിടത്തിൽ പ്രസാദ്