തൃക്കരിപ്പൂർ: ബഹ്റൈൻ സർക്കാരിന്റെ കൊവിഡ് 19 വാക്സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച് പരീക്ഷണത്തിന്ന് വിധേയനായ തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി ഗംഗൻ തൃക്കരിപ്പൂരിന് പ്രമുഖരുടെ അഭിനന്ദനപ്രവാഹം. പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറടക്കം സാമൂഹ്യ-സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് ബഹ്റൈനിലുള്ള ഗംഗനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്.
കഴിഞ്ഞ രണ്ടുദിവസം മുമ്പാണ് ബ്ലഡ് ഡോണേർസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റായ ഗംഗൻ വാക്സിൻ സ്വീകരിച്ച് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിൽ അണി ചേർന്നത്.
ബഹ്റൈൻ രാജാവിന്റെ മകനടക്കം നിരവധി മലയാളികൾ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിച്ചിരുന്നു. അടുത്ത ഡോസ് ഒക്ടോബർ 10 ന് സ്വീകരിക്കും. ബഹ്റൈൻ ഔദ്യോഗികമായാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. പരീക്ഷണ ഡോസ് സ്വീകരിച്ചാൽ ഒന്നര മാസം കഴിഞ്ഞു മാത്രമെ രാജ്യം വിട്ടുപോകാൻ അനുവദിക്കുകയുള്ളൂ. രണ്ടു ദശാബ്ദക്കാലമായി ബഹ്റൈനിലെ ഷിപ്പിംഗ് ലോജിസ്റ്റിക് കമ്പനി മാനേജരായി സേവനമനുഷ്ഠിച്ചു വരുന്ന ഗംഗൻ കേരള സോഷ്യൽ ഫോറം പ്രവർത്തകനും പ്രവാസ ലോകത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ്. ഭാര്യ. ഷീജ. മക്കൾ: സംഗത്, സ്വതിക്.