ഇരിട്ടി: പേരാവൂർ, പായം ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേരാവൂർ പഞ്ചായത്തിൽ രണ്ടാഴ്ചയും പായം പഞ്ചായത്തിൽ ഒരാഴ്ചയും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. രണ്ടു പഞ്ചായത്തുകളിലും ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗമാണ് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പേരാവൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മുതൽ സമ്പൂർണ്ണ അടച്ചിടൽ തുടങ്ങി. പായം ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതലാണ് അടച്ചിടുന്നത്.
പേരാവൂർ പഞ്ചായത്തിൽ തിങ്കളാഴ്ച മാത്രം 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പായം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മാത്രം പതിനേഴോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥാപനങ്ങൾ തുറക്കുകയോ വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുത്. മെഡിക്കൽ ആവശ്യങ്ങൾക്കൊഴികെ മറ്റൊരു കാര്യത്തിനും പുറത്തിറങ്ങാൻ പാടില്ലെന്നും പായത്ത് ചേർന്ന സുരക്ഷാ സമിതിയോഗം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് പോസ്റ്റീവായ കിളിയന്തറ ക്ഷീരോത്പ്പാദക സഹകരണ സംഘം ജീവനക്കാരിക്ക് ക്ഷീര കർഷകർ ഉൾപ്പെടെ നിരവധിപേരുമായി പ്രൈമറി സമ്പർക്കം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
പായം പഞ്ചായത്തിൽ തന്നെ താമസിക്കുന്ന എം.എൽ.എ സണ്ണിജോസഫിനും കൊവിഡ് സ്ഥിരീകരിച്ചു. പൊതുപരിപാടിയിലും പാർട്ടി പരിപാടിയിലുമായി എം.എൽ.എയുമായി നിരവധി പേർ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് വിവരം. തലശേരി -വളവുപാറ, ഇരിട്ടി -തളിപ്പറമ്പ് , മാടത്തിൽ -എടൂർ റോഡുകളിലൂടെ മാത്രമേ യാത്രാ വാഹനങ്ങൾ അനുവദിക്കുകയുള്ളു. ടൗണുകളിലും, ബസ് സ്റ്റോപ്പുകളിലും ഓട്ടോറിക്ഷകളും ടാക്സികളും നിർത്തി സർവീസ് നടത്താൻ അനുവദിക്കില്ല.