പയ്യന്നൂർ: പയ്യന്നൂരിന്റെ പ്രവേശന കവാടമായ പെരുമ്പ ജംഗ്ഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ട്രാഫിക് സർക്കിളിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. പെരുമ്പ ജംഗ്ഷൻ വീതി കൂട്ടി റോഡിന്റെ അരിക് കെട്ടി സുരക്ഷിതമാക്കി റോഡ് ടാർ ചെയ്യുന്ന പ്രവൃത്തി ഏതാനും മാസം മുൻപ് പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇതോടനുബന്ധിച്ച് ചെയ്യാനിരുന്ന ട്രാഫിക് സർക്കിളിന്റെ പ്രവൃത്തിയാണ് ലോക്ക് ഡൗണിനെ തുടർന്ന് നാല് മാസത്തോളം നീണ്ടുപോയത്. ദേശീയപാത വിഭാഗം ഇന്നലെ പ്രവൃത്തി വീണ്ടും ആരംഭിച്ചു.
സി. കൃഷ്ണൻ എം.എൽ.എ., നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ എന്നിവർ ഏറെ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് പെരുമ്പ ജംഗ്ഷൻ നവീകരണത്തിനായി 98 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. നിലവിൽ പെരുമ്പ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചീനിയർ ഓഫീസ് പൊളിച്ച് മാറ്റി ആ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഇവിടെ റോഡ് വീതി കൂട്ടി നാല് ട്രാക്ക് ട്രാഫിക് സർക്കിളിന് സ്ഥലം കണ്ടെത്തിയത്.
നാല് ട്രാക്കുകളിലും ഡിവൈഡർ നിർമ്മിച്ച് റിഫ്ളക്ടർ സ്ഥാപിക്കും. ഇത് കൂടാതെ സൈൻ ബോർഡ്, റോഡ് മാർക്കിംഗ് , സീബ്രാലൈൻ തുടങ്ങിയവയും സ്ഥാപിക്കും. ഡിവൈഡറിൽ ലോൺ പിടിപ്പിച്ച് മോടി കൂട്ടുന്നതും പരിഗണനയിലുണ്ട്.
വിപിൻ അണിയേരി, ദേശീയപാത വിഭാഗം അസി: എൻജിനീയർ