ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് അംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ അനിതാ ജാനിഖാൻ പാർട്ടിവിട്ടു. അനിത ജാനിഖാന്റെ ഭർത്താവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന ജാനിഖാൻ നേരത്തെ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. പായം പഞ്ചായത്തിൽ താമസക്കാരായ ഇവരുടെ കുടുംബം മാസങ്ങൾക്ക് മുൻപ് അയ്യൻകുന്ന് പഞ്ചായത്ത് പരിധിയിൽ പുതിയ വീട് വച്ച് താമസം മാറിയിരുന്നു. ഇതോടെ ജാനിഖാന്റെ കുടുംബത്തെ പായത്തെ വോട്ടർപട്ടികയിൽ നിന്നും നീക്കുന്നതിന് മുസ്ലിം ലീഗ് ഭാരവാഹി അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് അനിതാ ജാനിഖാൻ പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണയോടെ തന്റെയും കുടുംബത്തിന്റെയും വോട്ട് തള്ളിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് പാർട്ടിയിലൊന്നും ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.