കണ്ണൂർ: ഡി.എസ്.സി കാന്റീനിൽ മുൻസൈനികർ നേരിടുന്ന പ്രശ്നങ്ങളും ടി.എ കാന്റീൻ അടച്ച് പൂട്ടുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും ചർച്ചചെയ്യാനുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്ത ഡി.എസ്.സി കമാഡന്റിന്റെ നടപടിയിൽ മുൻ സൈനിക സംയുക്ത സമിതി പ്രതിേഷേധിച്ചു. ഡി.എസ്.സി കമാഡന്റ് അനുവദിച്ച സമയത്ത് കൂടിക്കാഴ്ചയ്ക്കെത്തിയ മുൻ സൈനിക സംയുക്ത സമിതി പ്രതിനിധിയായ പൂർവ്വ സൈന്യ സേവ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.ആർ. രാജനോട് റാങ്ക് ചോദിച്ച് ഡി.എസ്.സി കമാൻഡന്റ് കൂടിക്കാഴ്ച നിഷേധിച്ചുവെന്ന് ഭാരവാഹികൾ ആരോപിച്ചു.

18000 ന് അടുത്ത് വരുന്ന മുൻസൈനികർക്ക് കാന്റീൻ സൗകര്യം ലഭ്യമാക്കേണ്ട ഡി.എസ്.സി കമാൻഡന്റ്, നിലവിൽ നൂറു മുതൽ 130 വരെ മാത്രം മുൻസൈനികർക്ക് കാന്റീൻ സൗകര്യം നൽകുന്നത് തുടർന്നാൽ ഭൂരിഭാഗം മുൻസൈനികർക്കും കാന്റീൻ സൗകര്യം ലഭിക്കാത്ത അവസ്ഥ വരും. നിരന്തരം കത്തുകൾ അയച്ചിട്ടും നേരിട്ട് ബന്ധപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഡി.എസ്.സി കമാൻഡന്റിന്റെ നടപടിയിൽ ജില്ലയിലെ മുൻസൈനിക സമൂഹം കടുത്ത നിരാശയിലാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഇനിയും ഇത് തുടരുകയാണെങ്കിൽ 29 ന് രാവിലെ പത്ത് മുതൽ സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ മുമ്പിൽ നിരാഹാരസമരം നടത്തുന്നതോടൊപ്പം നിയമനടപടികളും മറ്റ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംയുക്തസമിതിയു ടെ തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.

ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ മാണിക്കാത്ത്, നാഷണൽ എക്സ് സർവ്വീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി സ്റ്റേറ്റ് സെക്രട്ടറി വിജയൻ പാറാലി, പി. സുകുമാരൻ എന്നിവർ ഇത് സംബന്ധിച്ച യോഗത്തിൽ പങ്കെടുത്തു.