കണ്ണൂർ: മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റി കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ രാവിലെ താളിക്കാവിൽ നിന്നും ആരംഭിച്ച മാർച്ച് കളക്‌ടറേറ്റിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. അക്രമം നിയന്ത്രിക്കാൻ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

സംഘർഷത്തിൽ മഹിള മോർച്ച ജില്ലാ പ്രസിഡന്റ് സ്മിത ജയമോഹന്റെ ഇടത് കൈ പെരുവിരലിന്റെ എല്ല് പൊട്ടി. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. മഞ്ജുഷയുടെ മൂക്കിനും കാലിന്റെ വിരലിനും നടുവിനും പരിക്കേറ്റു. മഹിള മോർച്ച അഴീക്കോട് മണ്ഡലം പ്രസിഡന്റ് ജലജ അജിത്ത് (44), ഇടത് കൈയ്ക്ക് മുറിവേറ്റ ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി പ്രീത പ്രദീപ് (39), സി. അശ്വതി (37), എ.വി. രഞ്ചിത (17), ഹരിഷ്മ (24) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് സ്മിത ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സുരേന്ദ്രൻ പ്രസംഗിച്ചു.