chala-kuzhi
ചാലയിലെ കുഴികൾ

കണ്ണൂർ: വാഹനപ്പെരുപ്പത്തിന് പിന്നാലെ കുഴികളും കൂടിയായതോടെ ദേശീയപാതയിലെ യാത്ര ദുരിതമാകുന്നു. ധർമ്മശാല മുതൽ വളപട്ടണം പാലം വരെയുള്ള റോഡ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ദിവസവും ബസ് യാത്ര ചെയ്യേണ്ടി വരുന്ന വൃദ്ധരടക്കം ഉള്ളവർക്ക് ഇത് ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

പഴയങ്ങാടി-പാപ്പിനിശേരി കെ.എസ്.ടി.പി പാത തുറന്നപ്പോൾ വളപട്ടണം പാലം പരിസരത്ത് രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ജംഗ്ഷനിൽ വലീയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഒരുക്കിയതോടെ താത്കാലിക പരിഹാരവുമായി. എന്നാൽ റോഡുകൾ തകർന്നത് ഇപ്പോൾ ഗതാഗത കുരുക്കിന് പുതിയൊരു കാരണവുമായി.

കുഴി നിറഞ്ഞതോടെ വലീയ ട്രക്കുകൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതോടെ സ്വകാര്യ ബസുകൾക്കും കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസുകൾക്കും സമയ കൃത്യത പാലിക്കാനാകുന്നില്ല. രാവിലെ കൃത്യ സമയത്ത് ഓഫീസിലെത്താനും ഇത് പ്രയാസം സൃഷ്ടിക്കുകയാണ്. പല സമയങ്ങളിലും കിലോ മീറ്ററുകൾ നീളുന്ന വാഹന നിരയാണ് ദേശീയപാതയിൽ.

വൈകുന്നേരങ്ങളിൽ കൊയിലി ആശുപത്രി മുതൽ കുരുക്ക് രൂക്ഷമാണ്. അറ്റകുറ്റപ്പണി നടത്തേണ്ട ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ കണ്ണിൽ ഇതൊന്നും കാണുന്നില്ലേയെന്ന് ജനം ചോദിക്കുന്നു. ട്രെയിനുകൾ ഓടാത്തതോടെ മിക്ക ആളുകളും സ്വന്തം വാഹനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. ഇതാണ് കുരുക്കിന് മറ്റൊരു കാരണം. കെ.എസ്.ടി.പി റോഡ് ദേശീയപാതയിൽ ചേരുന്ന സ്ഥലത്ത് ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനും ഇതുവരെ തയ്യാറായിട്ടില്ല.